സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ കടുത്ത അതൃപ്തി: മന്ത്രിസഭയിലേക്കില്ലെന്ന് ഉറപ്പിച്ച് ചെന്നിത്തല, തീരുമാനം രാഹുലിനെ അറിയിച്ചു

തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ പൂർണ്ണമായി അവഗണിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിസഭയിലേക്ക് താനില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെയും ഹൈക്കമാൻഡിനെയും നേരിട്ട് അറിയിച്ചതായാണ് വിവരം.

പാർട്ടി അച്ചടക്കം പാലിച്ച് നിന്നിട്ടും തൻ്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. 2021-ലെ പ്രതിപക്ഷ നേതാവിൻ്റെ തെരഞ്ഞെടുപ്പിലും, എ.ഐ.സി.സി പുനഃസംഘടനയിലും തന്നെ തഴഞ്ഞതിന് പിന്നാലെയാണ് ഇപ്പോഴത്തെ അവഗണനയെന്ന് എടുത്തുപറഞ്ഞാണ് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചത്.

ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് ചേർന്ന നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്നും രമേശ് ചെന്നിത്തല വിട്ടുനിന്നു. അതൃപ്തി ശക്തമായതോടെ രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ച് ചെന്നിത്തലയുമായി സംസാരിച്ചു. തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം. ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാവണമെന്നും അർഹമായ പരിഗണന നൽകുമെന്നും രാഹുൽ അറിയിച്ചെങ്കിലും അതൊന്നും മുഖ്യമന്ത്രി പദവിക്ക് തുല്യമാകില്ലെന്ന നിലപാടിലാണ് ചെന്നിത്തല.

യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും ജനാധിപത്യപരമായ തീരുമാനത്തെ മാനിക്കുന്നുവെന്നും സതീശന് പിന്തുണ നൽകുന്നുവെന്നും വ്യക്തമാക്കുന്ന കത്ത് അദ്ദേഹം കെ.പി.സി.സി പ്രസിഡൻ്റിന് കൈമാറിയിട്ടുണ്ട്. അതിനിടെ, എ.ഐ.സി.സി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ദേശീയ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന കോൺഗ്രസിലെ ഭിന്നത അടിയന്തരമായി പരിഹരിച്ച് മുന്നോട്ടുപോകാനാണ് ഹൈക്കമാൻഡ് നീക്കം.

Deeply dissatisfied with Satheesan’s appointment as Chief Minister: Chennithala confirms that he will not be in the cabinet.

More Stories from this section

family-dental
witywide