ഡൽഹിയിൽ സംഘർഷം കനക്കുന്നു, ജന്തർ മന്ദറിലേക്ക് യുവജന പ്രവാഹം, പോലീസുമായി ഏറ്റുമുട്ടൽ; ദീപ്കെയും തിരിച്ചെത്തി, ‘ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിരിയില്ല’

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധം കനത്ത സംഘർഷത്തിലേക്ക് വഴിമാറി. നൂറുകണക്കിന് യുവാക്കളാണ് നിലവിൽ ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത്. പാർലമെന്റിന്റെ പ്രധാന കവാടത്തിന് സമീപത്തുകൂടെ അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ സമരവേദിയിലേക്ക് നീങ്ങുന്നത്. ജൻപത്ത് റോഡിൽ സമരക്കാരെ പോലീസ് വീണ്ടും അടിച്ചോടിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സമരക്കാർ പോലീസ് വാഹനങ്ങൾ ആക്രമിക്കുകയും മറിച്ചിടുകയും ചെയ്തു. പോലീസ് ബസുകൾക്ക് നേരെയും വ്യാപകമായ ആക്രമണമുണ്ടായി. സമരത്തിന് നേതൃത്വം നൽകുന്ന ഗീതാഞ്ജലി അടക്കമുള്ള വനിതാ പ്രവർത്തകരെ പോലീസ് മുടിക്ക് പിടിച്ച് വലിച്ചിഴച്ച് ആക്രമിച്ചതായി സമരസമിതി നേതാവ് അഭിജിത് ദീപ്കെ ആരോപിച്ചു. പോലീസിന്റെ ലാത്തിച്ചാർജിൽ ഒരു യുവതിയുടെ കൈ ഒടിഞ്ഞുതൂങ്ങിയതായും പോലീസ് ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ വസ്ത്രം ഉയർത്തിക്കാട്ടി അഭിജിത് ദീപ്കെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

തങ്ങൾ വിചാരിച്ചിരുന്നെങ്കിൽ ഇന്ന് പാർലമെന്റിൽ എത്തുമായിരുന്നെന്നും എന്നാൽ പ്രവർത്തകരുടെ ജീവൻ അപകടത്തിലാകാതിരിക്കാനാണ് അതിന് മുതിരാതിരുന്നതെന്നും അഭിജിത് വ്യക്തമാക്കി. പോലീസ് പ്രവർത്തകരെ വധിക്കാൻ മടിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ ജന്തർ മന്ദർ വിടില്ലെന്ന് വ്യക്തമാക്കിയ അഭിജിത് ദീപ്കെ, കേരള ഹൗസിന് മുന്നിലെ റോഡിൽ പ്രവർത്തകർക്കൊപ്പം കുത്തിയിരിപ്പ് സമരം തുടരുകയാണ്.

Delhi Protests Intensify: Youth Flood Jantar Mantar, Police Vehicles Attack Amid Clashes

More Stories from this section

family-dental
witywide