ഡൽഹിയിൽ പ്രക്ഷോഭം രൂക്ഷം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രണ്ടാം ദിവസവും പ്രതിഷേധം ശക്തം; കപിൽ സിബലും യോഗേന്ദ്ര യാദവും അടക്കമുള്ള നേതാക്കൾ കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തുന്ന പ്രതിഷേധ സമരം രണ്ടാം ദിനവും കനത്ത സംഘർഷത്തിലേക്ക് വഴിമാറി. നിരോധനാജ്ഞ മറികടന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസ് ശക്തമായ ബലപ്രയോഗം നടത്തി. പ്രമുഖ നേതാക്കളായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ പോലീസ് തെരുവിൽ നിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു.

എ.ഐ.എസ്.എ (AISA), എ.ഐ.എസ്.എഫ് (AISF) എന്നീ ഇടത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും രണ്ടാം ദിനത്തിലെ തെരുവ് ഉപരോധവും പ്രതിഷേധങ്ങളും നടന്നത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, എ.എ.പി നേതാക്കൾ തുടങ്ങിയവർ നടത്തിയ വൻ പ്രതിഷേധത്തിന് പിന്നാലെയാണ് സമരം വീണ്ടും ശക്തി പ്രാപിച്ചത്. പ്രക്ഷോഭകരെ തടയുന്നതിനായി ജന്തർ മന്തറിലേക്കുള്ള എല്ലാ കവാടങ്ങളും വഴികളും പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണമായും അടച്ചുപൂട്ടിയിരിക്കുകയാണ്.

അയ്യായിരത്തിലധികം പോലീസുകാരെയും കേന്ദ്ര സുരക്ഷാ സേനയെയുമാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഈ മാസം 10-ാം തീയതി വരെ ജന്തർ മന്തറിനുള്ളിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് പോലീസ്. ഇതിനിടെ നിയമവിരുദ്ധമായി തടിച്ചുകൂടിയതിനും പോലീസ് ഉത്തരവുകൾ ലംഘിച്ചതിനും ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 223 പ്രകാരം മൂന്ന് എഫ്.ഐ.ആറുകൾ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങളുമേന്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.

ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. ഒരു വ്യക്തിയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പതിനായിരക്കണക്കിന് പോലീസുകാരെ ദുരുപയോഗം ചെയ്യുകയാണെന്ന് എ.ഐ.എസ്.എ ദേശീയ പ്രസിഡന്റ് നേഹ ബോറ ആരോപിച്ചു. സമരം ഡൽഹിയിൽ മാത്രം ഒതുക്കില്ലെന്നും വരും ദിവസങ്ങളിൽ രാജ്യമൊട്ടാകെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Delhi Protests Intensify over Election Commissioner Gyanesh Kumar’s Resignation; Kapil Sibal, Prashant Bhushan, and Yogendra Yadav Detained

More Stories from this section

family-dental
witywide