ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും പെട്രോൾ വില കുറയ്ക്കുന്നില്ല; എണ്ണക്കമ്പനികൾക്കെതിരെ കർശന നടപടിയുമായി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാത്ത വലിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എണ്ണക്കമ്പനികൾ നടത്തുന്ന ഈ വിലച്ചൂഷണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ യുഎസ് നീതിന്യായ വകുപ്പിന് ട്രംപ് നിർദ്ദേശം നൽകി.

വലിയ എണ്ണക്കമ്പനികൾക്ക് ക്രൂഡ് ഓയിൽ ലഭിക്കുന്ന വിലയിൽ വൻ ഇടിവുണ്ടായിട്ടും അതിൻ്റെ ആനുകൂല്യം പമ്പുകളിൽ ഉപഭോക്താക്കൾക്ക് കൈമാറാൻ അവർ തയ്യാറാകുന്നില്ലെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില താഴേക്ക് പതിക്കുകയാണെന്നും, വില കുറയ്ക്കാത്ത കമ്പനികളുടെ നടപടി ജനങ്ങളെ നേരിട്ട് ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്നും ട്രംപ് ആരോപിച്ചു. ഇപ്പോൾ കാണുന്നതിനേക്കാൾ വളരെ വേഗത്തിൽ രാജ്യത്ത് പെട്രോൾ വില താഴേക്ക് വരണമെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് ആഗോള വിപണിയിൽ ഇന്ധനവിലയിൽ വലിയ കുറവുണ്ടായത്. അന്താരാഷ്ട്ര എണ്ണവില സൂചികയായ ബ്രെൻ്റ് ക്രൂഡ് ബാരലിന് 77 ഡോളറിന് താഴെയും, യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് 73 ഡോളറിന് താഴെയുമാണ് നിലവിൽ വ്യാപാരം നടത്തുന്നത്.

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സമാധാന ചർച്ചകൾ വിജയിക്കുകയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യുന്നതോടെ ഇന്ധനവില കുത്തനെ കുറയുമെന്ന് ട്രംപ് നേരത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ വില കുറഞ്ഞിട്ടും പമ്പുകളിൽ മാറ്റം വരുത്താത്ത കമ്പനികൾക്കെതിരെ പ്രസിഡൻ്റ് നേരിട്ട് രംഗത്തെത്തിയത്.

Despite falling crude oil prices, petrol prices are not being reduced; Trump takes strict action against oil companies

More Stories from this section

family-dental
witywide