ലണ്ടൻ വ്യോമസേനയിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജൻ; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി സിഖ് ഫൈറ്റർ പൈലറ്റ്

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ്റെ റോയൽ എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റായി യോഗ്യത നേടുന്ന ആദ്യ സിഖ് വംശജനായി ഇന്ത്യൻ വംശജൻ. ചണ്ഡീഗഢ് സ്വദേശിയായ ഫ്ലൈറ്റ് ലഫ്റ്റനൻ്റ് അർഷ്ദീപ് സിംഗ് ദാംഗ് (28) ആണ് ബ്രിട്ടീഷ് വ്യോമസേനയുടെ ചരിത്രതാളുകളിൽ ഇടം നേടിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു സിഖ് താരം ഫൈറ്റർ സ്ക്വാഡ്രണിൽ നിന്ന് പൈലറ്റ് പദവി സൂചിപ്പിക്കുന്ന ‘വിങ്സ്’ യോഗ്യത നേടുന്നത് ഇതാദ്യമാണെന്ന് ആർ.എ.എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വടക്കൻ വെയ്ൽസിലെ ആർ.എ.എഫ് വാലിയിൽ നടന്ന പ്രൗഢഗംഭീരമായ ഫാസ്റ്റ് ജെറ്റ് പൈലറ്റ് ചടങ്ങിലാണ് അർഷ്ദീപ് ബിരുദം കൈപ്പറ്റിയത്. യു.കെ മിലിട്ടറി ഫ്ലൈയിംഗ് ട്രെയിനിംഗ് സിസ്റ്റത്തിന് കീഴിൽ ടെക്സാൻ വിമാനത്തിൽ കഠിനപരിശീലനം പൂർത്തിയാക്കിയാണ് ഈ നേട്ടം. മുൻപ് അടിസ്ഥാന ഫ്ലൈയിംഗ് പരിശീലനം സിഖ് വംശജർ നേടിയിട്ടുണ്ടെങ്കിലും, അത്യാധുനിക യുദ്ധവിമാനങ്ങൾ പറത്താനുള്ള ഫാസ്റ്റ് ജെറ്റ് സ്ട്രീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിഖുകാരനാണ് ഇദ്ദേഹം.

1998-ൽ ചണ്ഡീഗഢിൽ ജനിച്ച അർഷ്ദീപ് ആറാമത്തെ വയസ്സിലാണ് കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറിയത്. പിതാവ് ജഗ്ദീപ് സിംഗ് ദാംഗ് ലുധിയാന സ്വദേശിയും മാതാവ് ഗഗൻദീപ് കൗർ അമൃത്സർ സ്വദേശിയുമാണ്. നിലവിൽ ഇംഗ്ലണ്ടിലെ സൗത്താളിലാണ് കുടുംബം താമസിക്കുന്നത്.

തൻ്റെ ഈ ചരിത്രനേട്ടം അന്തരിച്ച മുത്തശ്ശന് സമർപ്പിക്കുന്നതായി അർഷ്ദീപ് പറഞ്ഞു. “അച്ഛനെ ഒരു പൈലറ്റാക്കണമെന്നത് മുത്തശ്ശൻ സർദാർ സന്തോഖ് സിംഗ് ദാംഗിൻ്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ അച്ഛന് ആറ് വയസ്സുള്ളപ്പോൾ മുത്തശ്ശൻ മരിച്ചതോടെ ആ സ്വപ്നം അസ്തമിച്ചു. സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും മാതാപിതാക്കൾ എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അമ്മയാണ് എൻ്റെ കരുത്തിൻ്റ പ്രധാന തൂൺ,” അർഷ്ദീപ് വ്യക്തമാക്കി.

ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിലും തത്ത്വചിന്തയിലും ബിരുദം നേടിയ ശേഷമാണ് അർഷ്ദീപ് സൈനിക വ്യോമയാന മേഖലയിലേക്ക് തിരിഞ്ഞത്. 2022-ൽ ഓഫീസർ പരിശീലനവും 2023-ൽ പ്രാഥമിക ഫ്ലൈയിംഗ് പരിശീലനവും പൂർത്തിയാക്കി. തുടർന്ന് സൈപ്രസിലെ സേവനത്തിന് ശേഷമാണ് അതിവേഗ യുദ്ധവിമാനങ്ങൾ പറത്തുന്നതിനുള്ള ‘ഫാസ്റ്റ് ജെറ്റ് സ്ട്രീമിലേക്ക്’ തിരഞ്ഞെടുക്കപ്പെട്ടത്. ടെക്സസിൽ വിജയകരമായി സോളോ ഫ്ലൈറ്റ് (ഒറ്റയ്ക്കുള്ള വിമാനയാത്ര) പൂർത്തിയാക്കിയ ഇദ്ദേഹം കഠിനമായ വിങ്സ് ടെസ്റ്റും പാസായി. മുന്നണിപ്പോരാട്ടത്തിനുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപായി ഇനി ഒരു വർഷത്തെ പ്രത്യേക പരിശീലനം കൂടി അർഷ്ദീപ് പൂർത്തിയാക്കും.

ചരിത്രത്തിന്റെ തുടർച്ച

ബ്രിട്ടീഷ് സൈനിക വ്യോമയാന രംഗത്ത് ഇന്ത്യൻ വംശജർക്കുള്ള ദീർഘകാല പാരമ്പര്യത്തിൻ്റെ തുടർച്ചയാണ് അർഷ്ദീപിൻ്റെ ഈ നേട്ടം. ഒന്നാം ലോകമഹായുദ്ധത്തിലെ ഇതിഹാസ പൈലറ്റ് ഇന്ദ്ര ലാൽ റോയ്, പ്രമുഖ സിഖ് പൈലറ്റുമാരായ ഹർദിത് സിംഗ് മാലിക്, സ്ക്വാഡ്രൻ ലീഡർ മോഹിന്ദർ സിംഗ് പൂജി എന്നിവരുടെ നിരയിലേക്കാണ് അർഷ്ദീപും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

“അന്താരാഷ്ട്ര തലത്തിൽ എൻ്റെ സമൂഹത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സിഖുകാരനാണ് ഞാൻ, പക്ഷേ ഇതാണ് അവസാനത്തേത് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അർഷ്ദീപ് പ്രത്യാശ പ്രകടിപ്പിച്ചു. കഠിനമായ വിമാനയാത്രകളിൽ എപ്പോഴും ഉയർന്ന മനോവീര്യം കാത്തുസൂക്ഷിക്കുക എന്ന അർത്ഥം വരുന്ന ‘ചർദി കലാൻ’ എന്ന പഞ്ചാബി തത്ത്വമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Indian-origin man makes history in London Air Force; first Sikh fighter pilot since World War II

More Stories from this section

family-dental
witywide