
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വീണ്ടും നാടകീയ രംഗങ്ങൾ. വിഷയം പാർലമെന്റിലും പുറത്തും സജീവമായി നിർത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിലെ എം.പിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ പോരാട്ടത്തിൽ കോൺഗ്രസ് പൂർണ്ണമായി ഒപ്പമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിലൂടെ വ്യക്തമാക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന മുതിർന്ന എം.പിമാരുടെ നിർണായക യോഗത്തിലാണ് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയത്. മഹാത്മാഗാന്ധി വെടിയേറ്റു വീണ ബിർള ഹൗസിന് മുന്നിലെ സ്മൃതി മണ്ഡപത്തിൽ പ്രതിഷേധ ധർണ്ണയിരിക്കാനാണ് ഇന്ത്യാ മുന്നണി നേതാക്കളുടെ തീരുമാനം. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ നീക്കത്തെ ചെറുക്കാൻ ഡൽഹി പോലീസ് ശക്തമായ തടസ്സങ്ങൾ സൃഷ്ടിച്ചു. രാഹുൽ ഗാന്ധിയുടെ വസതിയിലേക്കുള്ള റോഡുകൾ പോലീസ് ബസ്സുകൾ കുറുകെയിട്ട് പൂർണ്ണമായി അടയ്ക്കുകയും മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു.
പോലീസ് വലിയ തോതിൽ ബാരിക്കേഡുകൾ ഉയർത്തി പ്രതിരോധം തീർത്തുവെങ്കിലും പ്രവർത്തകർ അവ തള്ളിമാറ്റി മുന്നോട്ട് കുതിച്ചു. രാഹുൽ ഗാന്ധിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകരും ജനപ്രതിനിധികളും അദ്ദേഹത്തിനൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഡൽഹി പോലീസ് സുരക്ഷ കർശനമാക്കിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
India Alliance MPs to March to Gandhi Smriti: Rahul Gandhi to Sit on Dharna Over NEET Issue














