വീട്ടുജോലിക്കാരിയുടെ വിശ്വാസവഞ്ചന; വീട്ടിൽനിന്ന് 31 പവൻ സ്വർണം കവർന്നു, പകരം മുക്കുപണ്ടം വെച്ചു

കണ്ണൂർ: വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം വീട്ടിൽനിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടങ്ങൾ വെച്ച വീട്ടുജോലിക്കാരിയെ ഉളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വരയാൽ പേരിയ സ്വദേശിനി ഉച്ചപ്പള്ളിയിൽ പ്രേമ (50) ആണ് പിടിയിലായത്. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഉളിക്കൽ എസ്.എച്ച്.ഒ. കെ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വയനാട്ടിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിൽ താമസിക്കുന്ന നിമ്മിയുടെ ഉളിക്കലിലെ തറവാട്ടുവീട്ടിൽനിന്നാണ് സ്വർണം നഷ്ടമായത്. നേരത്തെ നിമ്മിയുടെ വയനാട്ടിലെ തോട്ടത്തിൽ ജോലി ചെയ്തിരുന്ന പ്രേമയെ പിന്നീട് വീട്ടിലെ പ്രായമായവരെ പരിചരിക്കാനും വീട്ടുകാര്യങ്ങൾ നോക്കാനുമായി നിയമിക്കുകയായിരുന്നു. നിമ്മിയുടെ അമ്മ മരിച്ചതിനെത്തുടർന്ന് മുത്തച്ഛനെയും കുടുംബം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. തുടർന്ന് ഉളിക്കലിലെ വീട് വൃത്തിയാക്കാനും പരിസരം നോക്കാനുമുള്ള ചുമതല പ്രേമയ്ക്കായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദീപാവലി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്നും പകരം മുക്കുപണ്ടങ്ങൾ വെച്ചിട്ടുണ്ടെന്നും കുടുംബം തിരിച്ചറിഞ്ഞത്.

ഏപ്രിൽ അഞ്ചിനും നവംബർ ആറിനും ഇടയിലാണ് 31 പവൻ സ്വർണം നഷ്ടപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഏകദേശം 32 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെച്ചതായി ചോദ്യംചെയ്യലിൽ പ്രേമ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിൽ 20 പവൻ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള സ്വർണം വീണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുകയാണ്. പണയംവെച്ച ആഭരണങ്ങൾ വിറ്റ് ലഭിച്ച പണം എന്ത് ചെയ്തുവെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

More Stories from this section

family-dental
witywide