ദുബായ്-ഇസ്രയേൽ വിമാനം റാഞ്ചാൻ ശ്രമം? സൗദിയിൽ അടിയന്തര ലാൻഡിംഗ്

റിയാദ്: ദുബായിൽ നിന്നും ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബൈ വാണിജ്യ വിമാനം അടിയന്തിര സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിൽ ഇറക്കി. സൗദി വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുന്നതിനിടെ FZ1073 എന്ന ബോയിംഗ് 737 വിമാനമാണ് അടിയന്തര സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ കൈമാറിയത്.

ആദ്യം പൊതുവായ അടിയന്തിര സാഹചര്യങ്ങൾ സൂചിപ്പിക്കുന്ന ട്രാൻസ്പോണ്ടർ സ്ക്വാക്ക് കോഡ് 7700 ആണ് വിമാനത്തിൽ നിന്ന് ലഭിച്ചത്. എന്നാൽ മിനിറ്റുകൾക്കകം ഇത് വിമാനം റാഞ്ചിയെന്നോ അല്ലെങ്കിൽ നിയമവിരുദ്ധമായ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്നോ വ്യക്തമാക്കുന്ന അപകടകരമായ 7500 എന്ന കോഡിലേക്ക് മാറുകയായിരുന്നു. ഇതോടെ വ്യോമയാന രംഗത്ത് വലിയ ആശങ്ക പരന്നു.

വടക്കൻ സൗദി അറേബ്യൻ വ്യോമാതിർത്തിയിൽ വെച്ച് വിമാനം പെട്ടെന്ന് 15,000 അടി താഴ്ചയിലേക്ക് ഇറങ്ങുകയും അതിവേഗത്തിൽ തിരിയുകയും ചെയ്തു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഇതോടെ നിലവിലുണ്ടായിരുന്ന അടിയന്തിര സാഹചര്യം ഒഴിഞ്ഞതായും യാത്രക്കാർ സുരക്ഷിതരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ഇസ്രായേൽ യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

പശ്ചിമേഷ്യയിൽ അതീവ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. വിമാനം പെട്ടെന്ന് വഴിതിരിച്ചുവിടാനും ലാൻഡ് ചെയ്യാനുമുണ്ടായ യഥാർത്ഥ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ, സൗദി അറേബ്യൻ ഭരണകൂടങ്ങളുടെ ഔദ്യോഗിക പ്രസ്താവനകൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dubai-Israel flight makes emergency landing in Saudi Arabia; suspected hijacking alert received.

More Stories from this section

family-dental
witywide