റോ മിൽക് ചീസ് വില്ലനായി; അമേരിക്കയിൽ ഇ. കോളി പടരുന്നു: അതീവ ജാഗ്രത, ഉൽപ്പന്നങ്ങൾ പിൻവലിച്ചു

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കിയ ചീസ് കഴിച്ച് നിരവധിപ്പേർക്ക് ഇ. കോളി ബാധ സ്ഥിരീകരിച്ചു. ‘സിയറ നെവാഡ ഗ്രേസിയേഴ്സ്’ എന്ന ബ്രാൻഡിന്റെ ചീസ് കഴിച്ചവരിലാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ), സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) സംയുക്ത അന്വേഷണം ആരംഭിച്ചു.

നിലവിൽ ഒമ്പത് സംസ്ഥാനങ്ങളിലായി 13 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതരായ മൂന്ന് പേർക്ക് രക്തത്തോടുകൂടിയ വയറിളക്കവും കടുത്ത പനിയും ഉണ്ടാക്കുന്ന, ഇ. കോളി ബാധയുടെ സങ്കീർണ്ണാവസ്ഥയായ ‘ഹീമോലിറ്റിക് യുറീമിക് സിൻഡ്രോം’ ബാധിച്ചതായും സി.ഡി.സി സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാലിഫോർണിയ, കൊളറാഡോ, ജോർജിയ, കെന്റക്കി, മിഷിഗൺ, നെവാഡ, ഒറിഗോൺ, ടെന്നസി, യൂട്ടാ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗം പടർന്നുപിടിച്ചിരിക്കുന്നത്.

രോഗം ബാധിച്ച ഒമ്പത് പേരെ എഫ്.ഡി.എ ചോദ്യം ചെയ്തതിൽ നിന്നും എല്ലാവരും ഇതേ ബ്രാൻഡിന്റെ റോ മിൽക്ക് ചീസ് കഴിച്ചതായി വ്യക്തമായി. ഇതേത്തുടർന്ന് എഫ്.ഡി.എയുടെ നിർദ്ദേശപ്രകാരം സിയറ നെവാഡ ചീസ് കമ്പനി തങ്ങളുടെ എല്ലാ പാൽ ചീസുകളും വിപണിയിൽ നിന്ന് അടിയന്തിരമായി തിരിച്ചുവിളിക്കാൻ ആരംഭിച്ചു. കമ്പനിയുടെ ‘മീഡിയം ചെഡ്ഡാർ’ ഉൽപ്പന്നമാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഏത് ബാച്ചിലെ ഉൽപ്പന്നമാണ് പ്രശ്നക്കാരൻ എന്ന് കൃത്യമായി കണ്ടെത്താനാകാത്തതിനാൽ മുൻകരുതൽ എന്ന നിലയിലാണ് എല്ലാ ഗ്രേസിയേഴ്സ് റോ മിൽക്ക് ചീസുകളും കമ്പനി സ്വമേധയാ പിൻവലിക്കുന്നത്.

മീഡിയം ചെഡ്ഡാർ, ഷാർപ്പ് ചെഡ്ഡാർ, ജലാപെനോ ജാക്ക്, മോണ്ടെറെ ജാക്ക് എന്നീ ഇനങ്ങളിൽപ്പെട്ട 8-oz, 16-oz പാക്കറ്റുകളും, മൊത്തവ്യാപാരത്തിനുള്ള 5 പൗണ്ട് ലോഫുകളുമാണ് വിപണിയിൽ നിന്ന് മാറ്റുന്നത്.

ഈ ചീസ് വാങ്ങിയ ഉപഭോക്താക്കൾ ഇത് യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും കളയുകയോ വാങ്ങിയ കടകളിൽ തിരികെ നൽകി പണം കൈപ്പറ്റുകയോ ചെയ്യണമെന്ന് എഫ്.ഡി.എ കർശന നിർദ്ദേശം നൽകി. ചീസ് സൂക്ഷിച്ച പാത്രങ്ങളും ഉപരിതലങ്ങളും അണുവിമുക്തമാക്കാനും വ്യാപാരികൾ ഇവ വിൽക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്ന പാസ്ചറൈസേഷൻ പ്രക്രിയയ്ക്ക് വിധേയമാക്കാത്തതിനാൽ, തിളപ്പിക്കാത്ത പാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

E. coli outbreak in the US: High-alert warning issued, products recalled.

More Stories from this section

family-dental
witywide