ഇന്ത്യ സഖ്യത്തിന്‍റെ രാംലീല റാലി നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയെന്ന് ഷാ, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലെന്ന് രാഹുലിന്‍റെ തിരിച്ചടി; വാക്‌പോര് രൂക്ഷം

ഡൽഹി: ഇന്ത്യാ സഖ്യം തലസ്ഥാനത്ത് സംഘടിപ്പിച്ച രാം ലീല റാലിക്ക് പിന്നാലെ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാക്‌പോര് കനക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്.

ഹൈദരാബാദിൽ നടന്ന ബഹുജന പദയാത്രയ്ക്ക് ശേഷം സംസാരിച്ച അമിത് ഷാ, വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട മൂന്ന് കോടിയോളം വരുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. 2014-ലും 2019-ലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എസ്.ഐ.ആർ നടപ്പാക്കിയതുകൊണ്ടല്ലെന്നും, മോക് പാർലമെന്റിലല്ലാതെ യഥാർത്ഥ ജീവിതത്തിൽ പ്രധാനമന്ത്രിയാകാൻ രാഹുലിന് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു. കൊൽക്കത്തയിൽ പദയാത്ര നടത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീനും ഇന്ത്യാ സഖ്യത്തെ കടന്നാക്രമിക്കുകയും 2029-ലും മോദി തന്നെ അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

അമിത് ഷായുടെ വിമർശനങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) രാഹുൽ ഗാന്ധി ശക്തമായ മറുപടി നൽകി. രാജ്യത്തോട് നുണ പറയുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ, വിദേശ സഹായത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും ആ പദവിയിൽ തുടരുന്നതെന്നും ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക സംവിധാനം വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, വിഷയത്തിൽ പ്രധാനമന്ത്രിയെ പരസ്യ സംവാദത്തിനും വെല്ലുവിളിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനുമെതിരായ തുടർ പ്രക്ഷോഭങ്ങൾ ഇന്ത്യാ സഖ്യ നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള സമരങ്ങളാണ് സഖ്യം ആലോചിക്കുന്നത്. അതേസമയം, ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി രാജ്യമെമ്പാടും മുതിർന്ന നേതാക്കളെ അണിനിരത്തി പദയാത്രകൾ തുടരാനാണ് ബി.ജെ.പിയുടെ നീക്കം.

BJP-Congress Word War Escalates After INDIA Alliance Rally: Amit Shah Attacks Rahul Gandhi, Opposition Chief Retaliates

Also Read

More Stories from this section

family-dental
witywide