മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു, വിടവാങ്ങിയത് റവന്യൂ, വ്യവസായം വകുപ്പുകളിൽ മികച്ച സേവനമനുഷ്ഠിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ

മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (66) അന്തരിച്ചു. റവന്യൂ, ദുരന്തനിവാരണം, വ്യവസായം, ഐ.ടി തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ ദീർഘകാലം മികച്ച സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഭരണസിരാകേന്ദ്രം അനുശോചിച്ചു. അർബുദ രോഗബാധയെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1986 ബാച്ച് കേഡർ ഉദ്യോഗസ്ഥനായ കുര്യൻ, സംസ്ഥാനത്തെ ഭരണ-നയരൂപീകരണങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു.

ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും 2018-ലെ ഒന്നാം പ്രളയകാലത്തും ദുരന്തനിവാരണ വകുപ്പിന്റെ ചുമതല വഹിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ 2009-11 കാലയളവിൽ പേറ്റന്റ്, ട്രേഡ് മാർക്ക് കൺട്രോളർ ജനറലായിരിക്കെ കാൻസർ മരുന്നുകളുടെ വില കുറയ്ക്കുന്നതിനായി നടത്തിയ ഇടപെടലുകൾ ആഗോള ശ്രദ്ധ നേടി. കമ്പൽസറി ലൈസൻസ് അനുവദിച്ചത് വഴി കാൻസർ ചികിത്സയ്ക്കുള്ള ജനറിക് മരുന്നുകൾക്ക് 90 ശതമാനത്തോളം വില കുറയ്ക്കാൻ സാധിച്ചു. ഈ ചരിത്രപരമായ ചുവടുവെപ്പോടെ, ബൗദ്ധിക സ്വത്തവകാശ മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണമായ ‘ഐ.പി മാഗസിൻ’ ലോകത്ത് സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.

സർവീസിൽ നിന്ന് വിരമിച്ച ശേഷം റെറയുടെ (RERA) ആദ്യ ചെയർമാനായി ചുമതലയേറ്റ അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു. വിശ്രമജീവിതത്തിലും കാൻസർ ചികിത്സാ-പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, തിരുവനന്തപുരത്ത് മയോ ക്ലിനിക്കിന്റെ പങ്കാളിത്തത്തോടെ ഗ്ലോബൽ പ്രിവന്റീവ് ഓങ്കോളജി സമ്മിറ്റ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥൻ എന്നതിലുപരി മികച്ച നിലപാടുകളിലൂടെയും പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ നിയമപോരാട്ടങ്ങളിലൂടെയും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

Former Additional Chief Secretary PH Kurian Passes Away at 66

More Stories from this section

family-dental
witywide