സിപിഎമ്മിന്‍റെ ‘ഇസ്ലാമിക് ബാങ്കിംഗ്’ ഹലാൽ ഫായിദ പൊളിഞ്ഞു, 9 വർഷമായിട്ടും നിക്ഷേപകർക്ക് പണം നൽകിയില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി ടികെ ഗോവിന്ദൻ, ‘പാർട്ടി അറിഞ്ഞുള്ള തട്ടിപ്പ്’

ഇസ്ലാമിക് ബാങ്കിംഗ് രീതിയിൽ സി.പി.എം നിയന്ത്രണത്തിൽ തുടങ്ങിയ ഹലാൽ ഫായിദ സഹകരണ സംഘം തകർച്ചയിലേക്ക് നീങ്ങിയതോടെ നിക്ഷേപകർ രംഗത്ത്. ഒൻപത് വർഷം മുൻപ് നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായതോടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ മുഖ്യമന്ത്രിക്ക് പരാതി നൽകി. 2017 ഡിസംബറിൽ ന്യൂനപക്ഷങ്ങളെ ആകർഷിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കണ്ണൂരിൽ പലിശരഹിത ബാങ്കിംഗ് രീതിയിലുള്ള സൊസൈറ്റിക്ക് സി.പി.എം തുടക്കമിട്ടത്. അന്നത്തെ ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹിയും നിലവിലെ യുവജനക്ഷേമ ബോർഡ് ചെയർമാനുമായ എം. ഷാജറായിരുന്നു ഇതിന്റെ ചീഫ് പ്രമോട്ടർ.

എന്നാൽ ബാങ്ക് തുടങ്ങി വൈകാതെ തന്നെ പ്രവർത്തനം നിലയ്ക്കുകയും ഓഫീസുകൾ പൂട്ടുകയുമായിരുന്നു. നിക്ഷേപം സ്വീകരിച്ച ശേഷം വരവ്-ചെലവ് കണക്കുകളോ ഭരണസമിതി വിവരങ്ങളോ വ്യക്തമാക്കാൻ നേതൃത്വം തയ്യാറായില്ല. നിലവിൽ ഫോൺ വിളിച്ചാൽ പോലും പ്രമോട്ടർമാർ പ്രതികരിക്കുന്നില്ലെന്ന് നിക്ഷേപകർ ആരോപിക്കുന്നു. വിഷയം സി.പി.എം കമ്മിറ്റികളിൽ ചർച്ചയായിട്ടും ഫലപ്രദമായ നടപടിയൊന്നും ഉണ്ടായില്ലെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ പാർട്ടി ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി ടി.കെ. ഗോവിന്ദൻ എം.എൽ.എ മുഖേനയാണ് നിക്ഷേപകർ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി കൈമാറിയത്.

സംഭവത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എയും രംഗത്തെത്തിയിട്ടുണ്ട്. സൊസൈറ്റിക്ക് നേതൃത്വം നൽകിയ എം. ഷാജറിന് തട്ടിപ്പിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും പാർട്ടി ഈ വിഷയത്തിൽ തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി തക്കതായ നടപടി സ്വീകരിക്കുമെന്നും നിക്ഷേപ തുക തിരികെ ലഭ്യമാക്കാൻ ഇടപെടുമെന്നും അധികാരികളിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Halal Fayida Scam: Investors Seek CM’s Intervention Over CPM-backed Cooperative Society Fraud

Also Read

More Stories from this section

family-dental
witywide