പൂനെയിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ പെൺകുട്ടികളുമായി സംവദിച്ച് രാഹുൽ ഗാന്ധി. രാഷ്ട്രീയം പറയാനല്ല താൻ ഇവിടെ വന്നതെന്നും പങ്കെടുക്കുന്ന എല്ലാവരും ഓരോരോ പ്രത്യേകതകളുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയും സ്വത്തും സ്ത്രീകളാണെന്നും പുരുഷന്മാരെക്കാൾ ദീർഘവീക്ഷണം ഉള്ളവരാണ് അവരെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തെ നയിക്കുന്നത് സ്ത്രീകളാണെന്നും എല്ലാ മേഖലകളിലും അവർ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുസ്മൃതിയിൽ സ്ത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ലജ്ജാകരമാണെന്നും, അത് പുരുഷന്മാരെ സ്ത്രീകൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. പെൺകുട്ടികൾ കാരണമാണ് ബലാത്സംഗങ്ങൾ സംഭവിക്കുന്നതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമില്ലെന്നും ആൺകുട്ടികൾ എന്ത് ചെയ്താലും കുഴപ്പമില്ലെന്നതുമാണ് നിലപാട്. പെൺകുട്ടികളുടെ മനസ്സിലുള്ള ഭയം മാറ്റിയെടുക്കേണ്ടതുണ്ടെന്നും എല്ലാവരെയും ഒരുപോലെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജന്തർമന്തർ സമരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ മോശം വാക്കുകൾ ഉപയോഗിച്ചെങ്കിലും പെൺകുട്ടികൾ സംസാരിച്ചതിലാണ് പ്രധാനമന്ത്രി ഞെട്ടൽ രേഖപ്പെടുത്തിയത്. ആൺകുട്ടികൾ മോശം വാക്കുകൾ ഉപയോഗിച്ചാൽ കുഴപ്പമില്ലെന്നും പെൺകുട്ടികൾ ഉപയോഗിച്ചാൽ സംസ്കാരശൂന്യത എന്ന് പറയുന്നതുമാണ് മോദിയുടെ നിലപാടെന്ന് രാഹുൽ ആരോപിച്ചു. സ്ത്രീകൾ സ്വതന്ത്രരായിരിക്കണമെന്നും പുരുഷമേധാവിത്വം തകർത്ത് അവകാശങ്ങൾക്കായി പോരാടണമെന്നതുമാണ് തന്റെ സന്ദേശമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Women are India’s Greatest Strength, Says Rahul Gandhi at Student Interaction in Pune















