ശത്രുവിന്‍റെ ശത്രു മിത്രം! ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ട് പുതിയ പ്രധാനമന്ത്രി? തിങ്കളാഴ്ച പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം നിർണായകം

ടെൽ അവീവ്: ഇസ്രായേലിൽ നീണ്ട കാലം അധികാരത്തിൽ തുടർന്ന ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു. യാഷർ പാർട്ടി നേതാവും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ട് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കിയതോടെയാണ് രാഷ്ട്രീയ സമവാക്യങ്ങളിൽ വൻ മാറ്റമുണ്ടായത്.

ശത്രുവിന്റെ ശത്രു മിത്രമാകുന്ന കാഴ്ചയ്ക്കാണ് ഇസ്രായേൽ രാഷ്ട്രീയം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ആർക്കും ഭൂരിപക്ഷം നേടാനാകാതെ പോയ സെനറ്റ് തിരഞ്ഞെടുപ്പിൽ നെതന്യാഹു സഖ്യത്തിന് 53-ഉം ഐസൻകോട്ട് സഖ്യത്തിന് 48-ഉം സീറ്റുകളുമാണ് ലഭിച്ചിരുന്നത്. എന്നാൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ 11 സീറ്റുകളുള്ള അറബ് ജോയിന്റ് ലിസ്റ്റ് ഉൾപ്പെടെയുള്ള അറബ് പാർട്ടികൾ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. നെതന്യാഹുവിന്റെ സഖ്യകക്ഷിയായ തീവ്ര വലതുപക്ഷ പാർട്ടിയും നിലപാടുകളിൽ മാറ്റം വരുത്തിയതോടെ, നിലവിൽ 67 അംഗങ്ങളുടെ പിന്തുണയോടെ ഐസൻകോട്ട് സഖ്യം കേവലഭൂരിപക്ഷം കടന്നു.

തങ്ങളുടെ പിന്തുണ ഐസൻകോട്ടിനുള്ള പൂർണ്ണ പിന്തുണയല്ലെന്നും നിലവിലെ ക്രിമിനൽ സർക്കാരിനെ പുറത്താക്കുക മാത്രമാണ് ലക്ഷ്യമെന്നും അറബ് ജോയിന്റ് ലിസ്റ്റ് നേതാവ് അഹമ്മദ് ടിബി വ്യക്തമാക്കി. അതേസമയം, അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതിൽ ഐസൻകോട്ടിന്റെ സഖ്യകക്ഷികൾക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. മറുവശത്ത്, അറബ് പാർട്ടികൾ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും നെതന്യാഹുവും അനുകൂലികളും ആവശ്യപ്പെടുന്നുണ്ട്.

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ പ്രസിഡന്റ് ഐസക് ഹെർസോഗ് തിങ്കളാഴ്ചയോടെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചേക്കും. സർക്കാരുണ്ടാക്കാൻ ക്ഷണിക്കപ്പെടുന്ന നേതാവിന് ഭൂരിപക്ഷം തെളിയിക്കാൻ 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി സമയം നീട്ടിനൽകാം. ഈ സമയപരിധിക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ രാജ്യം അടുത്ത വർഷം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും.

End of Netanyahu Era in Israel: Gadi Eisenkot Likely to Become New Prime Minister; Announcement on Monday

Also Read

More Stories from this section

family-dental
witywide