പിതാവ് യുദ്ധഭീഷണി മുഴക്കുന്നു, മകൻ ലാഭമുണ്ടാക്കുന്നു: പ്രവചന വിപണികളിൽ ട്രംപ് ജൂനിയറിന് കോടികളുടെ പന്തയനേട്ടം

ന്യൂയോർക്ക്: ഇറാനെതിരെയുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനകളും യുദ്ധഭീഷണികളും ഓൺലൈൻ പ്രവചന വിപണികൾക്ക് വൻ ലാഭമുണ്ടാക്കുന്നു. ട്രംപിൻ്റെ അപ്രതീക്ഷിത തീരുമാനങ്ങളിൽ പന്തയം വെച്ച് കോടിക്കണക്കിന് ഡോളറാണ് ഈ സൈറ്റുകളിലേക്ക് ഒഴുകുന്നത്. ഈ മേഖലയിലെ പ്രമുഖ കമ്പനികളിൽ ട്രംപിൻ്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന് നിക്ഷേപമുള്ളത് പുതിയ വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.

ട്രംപ് ഇറാനിലേക്ക് സൈന്യത്തെ അയക്കുമോ? ഹോർമുസ് കടലിടുക്കിൻ്റെ പേര് മാറ്റുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലാണ് ആളുകൾ പണം നിക്ഷേപിക്കുന്നത്. ട്രംപിൻ്റെ പ്രവചനാതീതമായ സ്വഭാവമാണ് ഇത്തരം പന്തയങ്ങൾ സജീവമാകാൻ കാരണം. ട്രംപ് ജൂനിയറിന് ഓഹരിയുള്ള ‘പോളിമാർക്കറ്റ്’, അദ്ദേഹം ഉപദേശകനായി പ്രവർത്തിക്കുന്ന ‘കാൽഷി’ എന്നീ കമ്പനികൾക്ക് ഇതുവഴി വൻ വരുമാനമാണ് ലഭിക്കുന്നത്.

യുദ്ധഭീതിയും കോടികളുടെ പന്തയവും

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഏപ്രിൽ 5 മുതൽ 8 വരെയുള്ള നാല് ദിവസത്തിനുള്ളിൽ മാത്രം 10 കോടി ഡോളറിലധികം മൂല്യമുള്ള 41 കോടി പന്തയങ്ങളാണ് നടന്നത്. ഏപ്രിൽ 5-ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റ് വിപണിയിൽ വൻ ചലനമുണ്ടാക്കി. ഏപ്രിൽ 8-ന് സമാധാന ചർച്ചകൾ പ്രഖ്യാപിക്കുന്നത് വരെ പന്തയക്കാരുടെ തിരക്കായിരുന്നു.

പ്രസിഡൻ്റിൻ്റെ തീരുമാനങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്നവർക്ക് ഇത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ അവസരം നൽകുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ട്രംപ് സർക്കാർ ഇത്തരം വിപണികൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. ട്രംപ് ഓർഗനൈസേഷൻ ‘ട്രൂത്ത് പ്രെഡിക്ട്’ എന്ന പേരിൽ സ്വന്തമായി ഒരു പ്രവചന വിപണി തുടങ്ങാനുള്ള നീക്കത്തിലാണ്.

കഴിഞ്ഞ എട്ടു മാസത്തിനിടെ പോളിമാർക്കറ്റ് എന്ന കമ്പനിയുടെ മൂല്യം പത്തിരട്ടിയായി വർദ്ധിച്ച് 9.6 ബില്യൺ ഡോളറിലെത്തി. ഇത് ട്രംപ് ജൂനിയറിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി. പ്രവചന വിപണികൾക്ക് പുറമെ, യുഎസ് പ്രതിരോധ വകുപ്പിൽ നിന്ന് കരാറുകൾ തേടുന്ന ഡ്രോൺ നിർമ്മാണ കമ്പനികളിലും പ്രതിരോധ സാങ്കേതിക കമ്പനികളിലും ട്രംപ് ജൂനിയറിന് നിക്ഷേപമുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്ന കമ്പനികളിലെ പങ്കാളിത്തം വഴിയും അദ്ദേഹം ലാഭമുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പിതാവിൻ്റെ പ്രസിഡൻ്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് മക്കൾ ആയുധ കമ്പനികളിലൂടെ ലാഭമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, “ഞാൻ വിശ്വസിക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്” എന്നാണ് എറിക് ട്രംപ് കഴിഞ്ഞ മാസം എപി വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. എന്നാൽ ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ള വിമർശകർ ഇതിനെ ശക്തമായി എതിർക്കുന്നു. പ്രസിഡൻ്റ് പദവി ഉപയോഗിച്ച് കുടുംബം പരസ്യമായി ലാഭമുണ്ടാക്കുകയാണെന്ന് അവർ ആരോപിക്കുന്നു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ട്രംപിനെതിരെ ഇംപീച്ച്‌മെൻ്റ് (അധികാരത്തിൽ നിന്ന് പുറത്താക്കൽ) നടപടികൾ സ്വീകരിക്കാനാണ് അവരുടെ നീക്കം. ഇക്കാര്യത്തിലും പ്രവചന വിപണിയിൽ ചൂടേറിയ പന്തയം നടക്കുന്നുണ്ട്. ഈ വർഷം ആദ്യം ട്രംപ് ഇംപീച്ച് ചെയ്യപ്പെടാൻ 13% സാധ്യതയാണ് പന്തയക്കാർ പ്രവചിച്ചിരുന്നത്.

Father threatens war, son makes profits: Trump Jr. wins crores in prediction markets

More Stories from this section

family-dental
witywide