ഫിഫ ലോകകപ്പിനുള്ള ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. കാനറിപ്പടയുടെ 26 അംഗ അന്തിമ സ്ക്വാഡിനെ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റിയോ ഡി ജനീറോയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. പരുക്കിന്റെ നീണ്ട ഇടവേളകൾക്ക് ശേഷം സൂപ്പർ താരം നെയ്മാർ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ഇത്തവണത്തെ ലോകകപ്പിൽ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെയാണ്. ഫോർവേർഡ് താരം വിനീസ്യൂസ് ജൂനിയറും ടീമിലിടം പിടിച്ചിട്ടുണ്ട്. എന്നാൽ ചെൽസി താരം ജാവോ പെഡ്രോയ്ക്ക് ടീമിൽ ഇടം നേടാനായില്ല. ഇവരെ കൂടാതെ, റഫീഞ്ഞ, അലിസണ്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം കാര്‍ലോ ആഞ്ചലോട്ടിയുടെ 26 അംഗ സ്‌ക്വാഡിലുണ്ട്.
മത്സരത്തിൽ വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, മത്തിയാസ് കുഞ്ഞ്യ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ട്രിക് എന്നിവരടങ്ങിയതാകും കിടിലന്‍ അറ്റാക്കി നിര. മധ്യനിരയില്‍ ബ്രൂണോ ഗുമറെസ്, കാസമീറോ, ലുക്കാസ് പക്വേറ്റ, ഫാബിഞ്ഞോ എന്നിവരുണ്ട്. പ്രതിരോധത്തില്‍ മാര്‍ക്കീഞ്ഞോസ്, ബ്രമര്‍, അലക്‌സ് സാന്‍ഡ്രോ എന്നിവരും ഗോള്‍ കീപ്പര്‍മാരായി അലിസണും എഡേഴ്‌സണും വീവര്‍ട്ടനും ഉണ്ടാകും. ആറാമത്തെയും 2002ന് ശേഷം ആദ്യത്തെയും കിരീടം ലക്ഷ്യമിട്ടുള്ള ബ്രസീലിന്റെ പേരാളികളിലെ പ്രധാനികളാണിവര്‍.
അതേസമയം, ബ്രസീലിന്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മാര്‍ ജൂനിയര്‍ക്കിത് നാലാം ലോകകപ്പാണ്. 2014,18,22 ലോകകപ്പുകളിലെ 13 കളിയില്‍ എട്ട് ഗോളുണ്ട് നെയ്മാറിന്. വിടാതെ പിന്തുടരുന്ന പരുക്ക് കാരണം രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ഞകുപ്പായത്തിലേക്കുള്ള നെയ്മാറുടെ മടങ്ങിവരവ്. നെയ്മാറെ ഉള്‍പ്പെടുത്തിയപ്പോള്‍ ചെല്‍സി താരം യാവോ പെഡ്രോക്കാണ് അവസരം നഷ്ടമായത്. മുന്‍ നായകന്‍ തിയാഗോ സില്‍വയേയും റിച്ചാര്‍ലിസണേയും ആന്റണിയേയും പരിഗണിച്ചില്ല. ജൂണ്‍ 14ന് മൊറോക്കോയ്‌ക്കെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം.
FIFA World Cup: Brazil announces squad; Neymar Jr. returns















