നീണ്ട 57 ദിവസങ്ങൾക്ക് ശേഷം ഇറാനിൽ വിമാനങ്ങൾ വീണ്ടും ചിറകുവിടർത്തുന്നു; യുദ്ധക്കെടുതികൾക്കിടയിലും പ്രതീക്ഷയോടെ ഇമാം ഖുമൈനി വിമാനത്താവളം

ടെഹ്റാൻ: യുദ്ധത്തിന്റെ കരിനിഴൽ വിട്ടുമാറാത്ത ഇറാന്റെ ആകാശത്ത് 57 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വിമാനങ്ങൾ പറന്നുയരുന്നു. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര കവാടമായ തെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനസജ്ജമായതോടെയാണ് ഇറാൻ ലോകവുമായി വീണ്ടും ബന്ധിക്കപ്പെടുന്നത്. സാധാരണ ഗതിയിൽ പ്രതിദിനം നൂറ്റമ്പതോളം വിമാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇവിടെ, നിലവിൽ പത്തോ പതിനഞ്ചോ സർവീസുകൾ മാത്രമാണ് നടക്കുന്നത്. എങ്കിലും തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾക്കിടയിലെ ഈ തിരിച്ചുവരവ് രാജ്യത്തിന് വലിയൊരു ആശ്വാസമാണ്.

ഇറാൻ നേരിട്ട സൈനികാക്രമണങ്ങളിൽ വ്യോമയാന മേഖലയ്ക്ക് കനത്ത ആഘാതമാണ് സംഭവിച്ചത്. ആഭ്യന്തര സർവീസുകൾക്കായി ഉപയോഗിക്കുന്ന മെഹറാബാദ് വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് പുറമെ തബ്രിസ്, ഉർമിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും തകർക്കപ്പെട്ടു. നിരവധി സിവിലിയൻ വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉപരോധങ്ങൾക്കിടയിൽ, ഉണ്ടായ ഈ പുതിയ നാശനഷ്ടങ്ങൾ ഇറാന്റെ ഗതാഗത മേഖലയെ വർഷങ്ങൾ പിന്നോട്ടടിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കിടയിൽ പ്രതീക്ഷയും ഭീതിയും കലർന്ന പ്രതികരണങ്ങളാണ് പ്രകടമാകുന്നത്. വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇത് എത്രകാലം തുടരുമെന്ന കാര്യത്തിൽ ജനങ്ങൾ ആശങ്കാകുലരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വിമാനത്താവള ടെർമിനലുകൾ പതുക്കെ സജീവമാകുന്നത് സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി കാണാമെങ്കിലും, സ്ഥിരമായൊരു സമാധാനം ഉണ്ടാകുമോ അതോ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിൽ ബാക്കിയാവുന്നു.

More Stories from this section

family-dental
witywide