2018 ആവർത്തിക്കില്ലെന്ന് പറയാനാകില്ല, റാന്നിയിൽ വെള്ളം കുറയുമ്പോൾ ആറന്മുളയിൽ കുതിച്ചുയരുന്നു; മുന്നറിയിപ്പുമായി മന്ത്രിയടക്കമുള്ളവർ, പ്രളയഭീതി ശക്തം, ക്യാമ്പുകളിലേക്ക് മാറണം

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ആറന്മുളയിൽ ജലനിരപ്പ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി. പ്രളയസമാനമായ അന്തരീക്ഷമാണ് നിലവിൽ മേഖലയിലുള്ളത്. റോഡുകളിലും പ്രശസ്തമായ ആറന്മുള ക്ഷേത്ര പരിസരത്തും മുട്ടിനു മുകളിൽ വെള്ളം കയറിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി. സി. വിഷ്ണുനാഥ്, അബിൻ വർക്കി എംഎൽഎ, ആന്റോ ആന്റണി എംപി, കളക്ടർ നിസാമുദ്ദീൻ എന്നിവർ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അടിയന്തരമായി സർക്കാർ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. 2018-ലെ പ്രളയ സാഹചര്യം ആവർത്തിക്കില്ലെന്ന തെറ്റിദ്ധാരണയിൽ ആരും വീടുകളിൽ തുടരരുതെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് ഓർമ്മിപ്പിച്ചു. രാത്രി സമയങ്ങളിൽ മഴ കനക്കുകയും വെള്ളം ഉയരുകയും ചെയ്താൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകുമെന്നതിനാൽ റിസ്ക് എടുക്കാതെ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

റാന്നിയിൽ ജലനിരപ്പ് താഴുമെങ്കിലും പമ്പയാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം ആറന്മുളയിൽ ഇരട്ടിയായി ഉയരാൻ സാധ്യതയുണ്ടെന്നതാണ് നിലവിലെ പ്രധാന ആശങ്ക. അതിനാൽ അടുത്ത 24 മണിക്കൂർ മേഖലയിൽ അതീവ നിർണ്ണായകമാണ്. ആറന്മുളയിൽ അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം നേരിടാൻ എൻഡിആർഎഫിന്റെ പ്രത്യേക സംഘവും സജ്ജമാണ്. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എത്തും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുവരികയാണ്. സഹായങ്ങൾക്കായി പഞ്ചായത്ത് അംഗങ്ങളെയോ റവന്യൂ ഉദ്യോഗസ്ഥരെയോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Flood Situation Worsens in Aranmula: Representatives Issue Alert and Urge Evacuation

Also Read

More Stories from this section

family-dental
witywide