അതിതീവ്രം, മഴക്കെടുതി രൂക്ഷം, ആറ് മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി, നേരിടാൻ സർക്കാർ പൂർണ സജ്ജം; 65 ക്യാമ്പുകൾ തുറന്നു, 1465 പേരെ മാറ്റി, സർക്കാർ ധനസഹായമടക്കം നൽകും

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈകുന്നേരം ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ ആറ് പേർക്കായി വിവിധ സേനാവിഭാഗങ്ങളും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ തുടരുകയാണ്. റവന്യൂ മന്ത്രി, വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ ഇതുവരെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1465 പേരെ നിലവിൽ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തബാധിതരെ സഹായിക്കാൻ ആവശ്യാനുസരണം മറ്റ് ജില്ലകളിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി വള്ളങ്ങൾ എത്തിച്ചിട്ടുണ്ട്. ഡാമുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ആനക്കാംപൊയിലിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലിമീറ്റർ മഴയും വയനാട് മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. ചിലയിടങ്ങളിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ആശ്വാസമാണെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടുകളും കൃഷിയും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകുമെന്നും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Kerala Rain Havoc: 6 Dead, CM Assures Full Support and Financial Assistance To Victims

Also Read

More Stories from this section

family-dental
witywide