ജയിലിലായ കൗൺസിലർ സുഗതന്റെ അവധി, മന്ത്രിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി ഉത്തറവിറക്കിയത് തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി, അന്വേഷണം ശക്തമാക്കി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ അനുവദിച്ച വിഷയത്തിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിയുടെ നിർദേശത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥ ഉത്തരവിറക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ആറ് മാസത്തേക്ക് അവധി അനുവദിച്ച നടപടിയിൽ നേരത്തെ ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി നമിതക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കത്ത് നൽകിയതെന്നും ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തി.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ബിജെപി അംഗത്തിന് അവധി നൽകിയ നടപടിയെ ന്യായീകരിച്ച് മേയർ വി.വി. രാജേഷ് രംഗത്തെത്തി. അവധി അപേക്ഷ പൂർണ്ണമായും നിയമപരമാണെന്നും, കൗൺസിലറുടെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് നൽകിയ സർക്കുലറിന്റെ പിൻബലത്തിലാണ് നടപടിയെന്ന് വ്യക്തമാക്കിയ മേയർ, വോട്ടെടുപ്പ് ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും കൂട്ടിച്ചേർത്തു.

കൗൺസിൽ യോഗത്തിൽ 51 പേരുടെ പിന്തുണയോടെ അവധി അപേക്ഷ അംഗീകരിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയെങ്കിലും, ജയിൽ വകുപ്പിന്റെ ഉത്തരവ് ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രതിരോധിച്ചത്. മുൻസിപ്പാലിറ്റി ആക്ട് അനുസരിച്ച് അപേക്ഷ അംഗീകരിച്ചാൽ അംഗത്വം നഷ്ടമാകില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അണ്ടർ സെക്രട്ടറിയുടെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. വിവാദങ്ങൾ ശക്തമായ സാഹചര്യത്തിൽ അവധി അപേക്ഷ അംഗീകരിച്ച വിഷയം വീണ്ടും പരിശോധിച്ച് ആവശ്യമായ നിയമവശങ്ങൾ പരിശോധിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

Sugathan’s Leave Application: Probe Ordered Against Local Self-Government Under Secretary

More Stories from this section

family-dental
witywide