
വാഷിംഗ്ടൺ: ഇറാൻ്റെ സാമ്പത്തിക-സൈനിക അടിത്തറ തകർക്കുകയെന്ന ലക്ഷ്യത്തോടെ, ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ബോംബാക്രമണത്തിന് അമേരിക്കയും ഇസ്രായേലും സംയുക്തമായി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഈ വാരാന്ത്യത്തോടെ തന്നെ ആക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഓപ്പറേഷനുള്ള അന്തിമ ഉത്തരവിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
ഇറാൻ്റെ പവർ പ്ലാൻ്റുകൾ, ഓയിൽ റിഫൈനറികൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. തിങ്കളാഴ്ച അന്താരാഷ്ട്ര ഓഹരി-സാമ്പത്തിക വിപണികൾ തുറക്കുന്നതിന് മുൻപ് തന്നെ സൈനിക നടപടി പൂർത്തിയാക്കാനാണ് വൈറ്റ് ഹൗസിൻ്റെ നീക്കം. ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നത് തടയാനും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുമാണ് ഈ സമയക്രമം ആലോചിക്കുന്നത്.
അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അതിശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങളും മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ഊർജ്ജ നിലയങ്ങളും തങ്ങളുടെ ലക്ഷ്യപ്പട്ടികയിലുണ്ടെന്ന് ഇറാൻ്റെ സുരക്ഷാ വിഭാഗം വ്യക്തമാക്കി.
ക്യാമ്പ് ഡേവിഡിൽ നടന്ന ട്രംപിൻ്റെ ക്യാബിനറ്റ് യോഗത്തിൽ സൈനിക നീക്കം ചർച്ചയായതായാണ് വിവരം. ഇറാനെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാനെ ആണവായുധം നിർമ്മിക്കുന്നതിൽ നിന്നും തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലെവിറ്റ് വ്യക്തമാക്കി. യുഎസ് സൈന്യം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് പെൻ്റഗണും അറിയിച്ചു.
Trump’s war strategy to destroy Iran’s backbone; US bombing likely targeting oil and power plants, with Israel joining in















