
മുംബൈ: മഹാരാഷ്ട്രയിലെ താനെ മീരാ റോഡിൽ മതവാചകം ചൊല്ലാൻ വിസമ്മതിച്ച സുരക്ഷാ ജീവനക്കാരെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉന്നതവിദ്യാഭ്യാസമുള്ള യുവാവ് പിടിയിൽ. അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ സൈബ് സുബൈർ അൻസാരി (31) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ മീരാ റോഡിലെ വൊക്കാർഡ് ആശുപത്രിക്ക് സമീപമുള്ള നിർമ്മാണ സ്ഥലത്താണ് സംഭവം നടന്നത്. അവിടെ ജോലി ചെയ്തിരുന്ന രാജ്കുമാർ മിശ്ര, സുബ്രതോ സെൻ എന്നീ സുരക്ഷാ ജീവനക്കാരോട് മതപരമായ വാചകം (കലിമ) ചൊല്ലാൻ പ്രതി ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി ഇവരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഐഎസ്ഐഎസ് (ISIS) ബന്ധമുള്ള ലഘുലേഖകളും ഗൂഗിൾ മാപ്പിൽ ചില പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ രേഖകളും പൊലീസ് കണ്ടെത്തി. ഇയാൾക്ക് അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്നും ഒറ്റയ്ക്ക് ആക്രമണം നടത്തുന്ന ‘ലോൺ വുൾഫ്’ രീതിയാണോ ലക്ഷ്യമിട്ടതെന്നും എടിഎസ് പരിശോധിച്ചുവരികയാണ്. യുഎസിൽ നിന്ന് സയൻസ് ബിരുദം നേടിയ പ്രതി 2019-ലാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
Former US student arrested for stabbing security guards who refused to recite religious scripture in Mumbai, suspected of ISIS links, investigation underway















