
വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് തീരുമാനവുമായി സർക്കാർ മുന്നോട്ട് തന്നെ. നികുതി കുറച്ച നടപടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ധനബില്ലിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. വരുന്ന ജൂലൈ ഒന്നിന് ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. എന്നാൽ, ധനബിൽ പാസായാലും വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിച്ച് ഉടൻ വില്പനയ്ക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ പുതിയ അവകാശവാദം.
പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതി കൂടി ആവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഘടകകക്ഷികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾ കടുത്ത എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് കടക്കാൻ സർക്കാർ തയ്യാറായത്. നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്.
അതേസമയം, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ രംഗത്തെത്തിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ ഈ നികുതി ഘടന ഉൾപ്പെടുത്തരുതെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് നികുതി ഇളവ് നിലനിർത്തി ധനബില്ലിന്റെ കരട് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
Government moves ahead with tax concession for low-alcohol beverages, draft Finance Bill published












