‘സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല’, വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിജെപി, നാളെ നിർണായക പ്രഖ്യാപനം?

സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). വിദ്യാർഥി പ്രക്ഷോഭങ്ങൾ പിൻവലിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്. അടുത്തഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കുന്നതിനായി സി.ജെ.പിയുടെ ദേശീയ പ്രവർത്തക സമിതി യോഗം തിങ്കളാഴ്ച ചേരുമെന്നും തുടർസമരങ്ങൾക്കായി തയ്യാറെടുക്കാൻ വിദ്യാർഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്തതായും നേതാക്കൾ അറിയിച്ചു.

പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കാൻ സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും അതിന്റെ പട്ടിക സമർപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സമരം പിൻവലിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഔദ്യോഗികമായി അറിയിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ലെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടി. സർക്കാർ രാജ്യത്തെ യുവതലമുറയെ ചതിക്കുകയാണെന്ന് സംഘടനയുടെ കോ-കൺവീനർ സൗരവ് ദാസും നിയമകാര്യ മേധാവി രത്‌ന സിങ്ങും ആരോപിച്ചു.

തങ്ങളുടെ നല്ല മനസ്സിനെ ബലഹീനതയായി കാണരുതെന്നും നൽകിയ വാഗ്ദാനങ്ങൾ അട്ടിമറിക്കാനോ വൈകിപ്പിക്കാനോ ശ്രമിച്ചാൽ അത് വിശ്വാസവഞ്ചനയായി കണക്കാക്കുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ജന്തർ മന്തർ കേന്ദ്രീകരിച്ച് വീണ്ടും ശക്തമായ സമാധാനപരമായ സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം. നാളത്തെ യോഗത്തിൽ ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടാകും.

Govt Fails to Keep Promises: CJP Prepares to Relaunch Nationwide Agitation

More Stories from this section

family-dental
witywide