
ന്യൂഡൽഹി/മുംബൈ: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ഡോ. ബാബാസാഹെബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ദളിത് – പിന്നോക്ക സമൂഹങ്ങളെ ശക്തമാക്കാനും ദീപ്കെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (ആർപിഐ-എ) ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരസ്യ പ്രതികരണം.
അഭിജീത് ദീപ്കെ ഒരു സജീവ അംബേദ്കറൈറ്റ് ആണെന്നും യുവനേതാവായ അദ്ദേഹം ഭരണപക്ഷത്തിൻ്റെ ഭാഗമാകണമെന്നും അത്താവാലെ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തർ മന്തറിൽ നടന്ന ശക്തമായ പ്രതിഷേധങ്ങളെക്കുറിച്ചും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. “തെറ്റ് ചെയ്യുന്നവർ ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് ഞങ്ങളുടേത്. അതുകൊണ്ടാണ് മുൻ വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നത്. മികച്ച ലക്ഷ്യങ്ങൾക്കായി ദീപ്കെ ഭരണപക്ഷത്തിനൊപ്പം ചേരണം,” മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ദീപ്കെ
കേന്ദ്രമന്ത്രിയുടെ ക്ഷണത്തോട് അഭിജീത് ദീപ്കെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് ദീപ്കെ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് നിലവിലെ രാഷ്ട്രീയ വ്യവസ്ഥയിലും തിരഞ്ഞെടുപ്പ് രീതികളിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
“ഇഡിയെയും സിബിഐയെയും പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി വോട്ടുകൾ ഒഴിവാക്കപ്പെടുന്നു. നീതിന്യായ വ്യവസ്ഥയിലും മാധ്യമങ്ങളിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യം മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാണ്,” എന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ദീപ്കെ പറഞ്ഞിരുന്നു. സിജെപിയെ ഒരു രാഷ്ട്രീയ പാർട്ടിയായല്ല, മറിച്ച് ഒരു ജനകീയ പ്രഷർ ഗ്രൂപ്പായി മുന്നോട്ട് കൊണ്ടുപോകാനാണ് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശന വാർത്തകൾക്കിടയിലും ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി പുതിയ പ്രസ്ഥാനത്തിന് ദീപ്കെ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള തൻ്റെ ജന്മനാട്ടിൽ നിന്ന് അദ്ദേഹം ‘സ്കൂൾ തിക് കരോ’ (സ്കൂളുകൾ നന്നാക്കൂ) എന്ന കാമ്പെയ്ൻ ആരംഭിച്ചു.
കഴിഞ്ഞ 80 വർഷമായി ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ അധികാരികളാൽ അവഗണിക്കപ്പെടുകയാണെന്ന് ദീപ്കെ കുറ്റപ്പെടുത്തി. നഗരങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന ആധുനിക സൗകര്യങ്ങൾ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കണമെന്നും, സ്വകാര്യ സ്കൂളുകളുടെ അമിത ഫീസിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമങ്ങളിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രാദേശിക ജനപ്രതിനിധികളും രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
‘Join the ruling party to fulfill Ambedkar’s dream’; Union Minister invites CJP leader Abhijeet Deepke to join NDA













