
സംഘടനാ സംവിധാനം കൂടുതൽ വിപുലീകരിച്ച് ഭാവി സമരപരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനമെടുത്ത് കോക്രച്ച് ജനതാ പാർട്ടി (സിജെപി). ഇതിന്റെ ഭാഗമായി വരും സെപ്റ്റംബർ മാസം മുതൽ പൊതുജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയുന്നതിനായി ‘ക്യാ ബോൽതി പബ്ലിക്’ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിൻ സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറിൽ ചേർന്ന രണ്ട് ദിവസത്തെ കോർ കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന സമ്മർദ്ദ ശക്തിയായി (Pressure Group) പ്രവർത്തിക്കാൻ ഊർജ്ജസ്വലമായ അംഗബലവും പ്രാദേശിക നേതൃത്വവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി.ഇതിനായി പുതിയ വെബ്‌സൈറ്റ് രൂപീകരിച്ച് രാജ്യവ്യാപകമായി അംഗത്വ വിതരണം ഊർജ്ജിതമാക്കും.സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയെ കൺവീനറായും സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോ-കൺവീനർമാരായും തിരഞ്ഞെടുത്തിട്ടുണ്ട്.കൂടാതെ രാജ്യത്തെ അഞ്ച് സോണുകളിലായി പ്രത്യേക ഉപസമിതികളും നിലവിൽ വന്നു.
വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ പരിഷ്കരണമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടുന്നതിനെതിരെയും യുവാക്കൾ നേരിടുന്ന കടുത്ത തൊഴില്ലായ്മയ്‌ക്കെതിരെയും ശബ്ദമുയർത്താൻ സിജെപി തീരുമാനിച്ചിട്ടുണ്ട്.തൽക്കാലം നേരിട്ടുള്ള സമരങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും വരും ദിനങ്ങളിലെ ശക്തമായ പ്രക്ഷോഭങ്ങൾക്കായി സംഘടനയുടെ അടിത്തറ കൂടുതൽ ഭദ്രമാക്കാനാണ് സിജെപിയുടെ തീരുമാനം.
CJP announces nationwide membership drive to launch Kya Bolti Public campaign in September














