മേയ് 18-ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിന്ദുകൃഷ്ണയ്ക്ക് മൂന്ന് മാസം പിന്നിട്ടിട്ടും പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാൻ സാധിക്കാത്തതിൽ സർക്കാരിലും കോൺഗ്രസിനുള്ളിലും കടുത്ത അതൃപ്തി. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രന്റെ പേരാണ് ഇ-ഓഫീസ് വഴി മന്ത്രി നിർദ്ദേശിച്ചത്. എം.എൽ.എ ആയിരുന്നപ്പോൾ കെ.സി. വേണുഗോപാലിന്റെ പി.എയായും പിന്നീട് പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുള്ള ആളാണ് ശരത് ചന്ദ്രൻ. എന്നാൽ കെ.സി. വേണുഗോപാലിനും താൽപ്പര്യമുള്ള ഈ ശുപാർശയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ശരത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടന നേതാക്കളുടെ കത്തുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉന്നയിക്കുന്ന വാദം.
സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ പോലും തിരഞ്ഞെടുക്കാൻ മന്ത്രിക്ക് അവകാശമില്ലേ എന്ന ചോദ്യമാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി ബിന്ദുകൃഷ്ണ തയ്യാറായിട്ടില്ല. വിഷയങ്ങൾ ചർച്ച ചെയ്യേണ്ട പാർട്ടി-സർക്കാർ ഏകോപന സമിതി നിലവിലില്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. കെ.പി.സി.സി അധ്യക്ഷ മാറ്റത്തിൽ തട്ടി ഏകോപന സമിതി രൂപീകരണവും മുന്നണി ബോർഡ്-കോർപ്പറേഷൻ വീതംവെപ്പുമെല്ലാം വഴിമുട്ടി നിൽക്കുകയാണ്. ഇത് കെ.സി – സതീശൻ വിഭാഗങ്ങൾ തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ എൽ.ഡി.എഫ് സർക്കാർ നിയമിച്ചവർ തന്നെ തുടരുന്നത് മുന്നണിയിലും പാർട്ടിക്കുള്ളിലും വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. ഭരണരംഗത്തെയും മുന്നണിയിലെയും ഈ ഏകോപനമില്ലായ്മയിൽ ഘടകകക്ഷി നേതാക്കളും കടുത്ത അമർഷത്തിലാണ്. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും തീരുമാനമാകാത്തതും കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ രൂക്ഷമാക്കുന്നു.
Delay in Bindu Krishna’s Private Secretary Appointment Sparks Discontent in UDF










