
ഇൻസ്റ്റഗ്രാമിലെ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ ബാലസംഘം പ്രവർത്തകരായ കുട്ടികളെ വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ വിളിച്ച് പൂർവ്വ മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് അദ്ദേഹം വിളിച്ചത്. ലാൽസലാം വിളികളോടെ പരസ്പരം അഭിവാദ്യം ചെയ്ത അദ്ദേഹം കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ‘ഉഷാറാക്ക്’ എന്ന് പറഞ്ഞ് ആശംസകൾ നേരുകയും ചെയ്തു.
കുട്ടികൾ സ്വന്തം അധ്വാനത്തിലൂടെ ഒരുക്കിയ ഓഫീസിനെക്കുറിച്ചും ബാലസംഘം യൂണിറ്റ് ഭാരവാഹികളെ പരിചയപ്പെടുത്തുന്നതുമായ വീഡിയോകൾ അക്കൗണ്ടിലൂടെ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കമന്റ് ചെയ്ത ഈ വീഡിയോ 24 മണിക്കൂറിനുള്ളിൽ ഏകദേശം 20 ലക്ഷത്തോളം ആളുകളാണ് കണ്ടത്. ഇതിന് പിന്നാലെ അക്കൗണ്ട് പൂട്ടിയതിനെതിരെ കുട്ടികൾ മെറ്റയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി. അബ്ദുറഹ്മാൻ വിജയിക്കുമെന്ന് പന്തയം വെച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ കൊച്ചുതാരമാണ് മുഹമ്മദ് സിയാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തെങ്കിലും കുട്ടികൾ പുതിയ അക്കൗണ്ട് തുടങ്ങി സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിട്ടുണ്ട്.
Meta Removes ‘Kutti Sakhavu’ Account: Former CM Pinarayi Vijayan Video Calls Viral Kids









