
ഓണത്തിന്റെ വർണ്ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് തലസ്ഥാന നഗരിയിൽ പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ കൊടിയിറങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 23-ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങൾക്കാണ് സമാപനമായത്. കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ഒരുക്കിയിരുന്ന ദീപാലങ്കാരങ്ങൾ നഗരവീഥികളെ പ്രഭാപൂരിതമാക്കിയിരുന്നു. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ഘോഷയാത്ര കാണാനായി ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
സമാപന ചടങ്ങിലെ വർണാഭമായ ഘോഷയാത്ര ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോട്ടോകോൾ പാലിക്കാതെ തരമില്ലെന്ന് സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി വി. ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥിന് പുറമെ ആരോഗ്യമന്ത്രി കെ. മുരളിധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി. പി. ജോൺ, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി എന്നിവരും പങ്കെടുത്തു. മന്ത്രിമാരുടെയും മറ്റ് ഉന്നത വ്യക്തികളുടെയും സാന്നിധ്യത്തിൽ നടന്ന ഘോഷയാത്ര തലസ്ഥാന ജനതയ്ക്ക് അവിസ്മരണീയമായ ഓണാഘോഷാനുഭവമാണ് സമ്മാനിച്ചത്.
Onam Celebrations Conclude: Vice President C. P. Radhakrishnan Flags Off Grand Cultural Pageantry in Thiruvananthapuram










