തൂക്കിലേറ്റൽ ഭരണഘടനാ വിരുദ്ധമല്ല; മാറ്റങ്ങൾ ശാസ്ത്ര പുരോഗതിക്ക് അനുസരിച്ചാകാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ നിലവിലുള്ള തൂക്കിലേറ്റൽ രീതി തന്നെ തുടരുമെന്ന് സുപ്രീം കോടതി. തൂക്കിലേറ്റലിന് പകരം വേദന കുറഞ്ഞ മറ്റ് മാർഗങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. നിലവിലെ രീതിയുടെ ഭരണഘടനാ സാധുത ശരിവച്ച കോടതി, എന്നാൽ ഭാവിയിൽ ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടാകുന്ന പുരോഗതിയുടെ അടിസ്ഥാനത്തിൽ പുതിയ ബദൽ മാർഗങ്ങൾ പരിശോധിക്കാനുള്ള വാതിൽ കേന്ദ്ര സർക്കാരിനായി തുറന്നിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഭരണഘടനാപരമായ മാർഗമായി തൂക്കിലേറ്റലിനെ ശരിവച്ച 1983-ലെ ചരിത്രപ്രധാനമായ ‘ദീന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിലെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ശാസ്ത്രീയമായ അറിവുകളുടെയും നാഡീശാസ്ത്രപരമായ പഠനങ്ങളുടെയും പശ്ചാത്തലത്തിൽ ഭാവിയിൽ നടത്തുന്ന പരിശോധനകളെ ഈ വിധി തടസ്സപ്പെടുത്തില്ല. പ്രതികളുടെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ട്, അനാവശ്യമായ വേദന ലഘൂകരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ലഭ്യമാകുന്ന മുറയ്ക്ക് നിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തൂക്കിലേറ്റൽ രീതി പൈശാചികവും വേദനാജനകവുമാണെന്നും, ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അന്തസ്സോടെയുള്ള ജീവിതത്തിനുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്ര സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 393(5) പ്രകാരം വധശിക്ഷ തൂക്കിലേറ്റിക്കൊണ്ട് തന്നെ നടപ്പാക്കണമെന്നാണ് നിയമം.

തൂക്കിലേറ്റലിന് പകരം വിഷം കുത്തിവെക്കൽ പോലുള്ള മറ്റ് മാർഗങ്ങൾ കൊണ്ടുവരണമെന്നും വധശിക്ഷ നടപ്പാക്കുന്ന രീതി തിരഞ്ഞെടുക്കാൻ പ്രതികൾക്ക് അവസരം നൽകണമെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിഷം കുത്തിവെച്ചുള്ള വധശിക്ഷകൾ പരാജയപ്പെട്ട നിരവധി സംഭവങ്ങളുണ്ടെന്നും, നിലവിൽ ലഭ്യമായതിൽ ഏറ്റവും സുരക്ഷിതവും വേഗതയേറിയതുമായ മാർഗ്ഗം തൂക്കിലേറ്റൽ തന്നെയാണെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പാക്കുന്ന ഉദ്യോഗസ്ഥരിലും അത് നേരിട്ട് കാണുന്നവരിലും ഉണ്ടാകുന്ന മാനസിക ആഘാതങ്ങളെക്കുറിച്ചും കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ട്.

Hanging is not unconstitutional; changes can be made in line with scientific progress, says Supreme Court

More Stories from this section

family-dental
witywide