ആരാധകർക്ക് മാത്രം ദഹിക്കുന്ന കാഴ്ച, വോട്ട് ചെയ്തവർക്ക് സഹിക്കാനാകില്ല; സ്വാതന്ത്ര്യദിന ചടങ്ങിലെ തൃഷയുടെ സാന്നിധ്യം ചോദ്യം ചെയ്ത് ഡി.എം.കെ

ചെന്നൈ: തമിഴ്നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനും പങ്കെടുത്ത ദൃശ്യങ്ങളെച്ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ പോര്. ചടങ്ങിൽ മുഖ്യമന്ത്രി വിജയ്‌യെ രൂക്ഷമായി വിമർശിച്ചും നടി തൃഷയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്തുമാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയുടെ ഔദ്യോഗിക മുഖപത്രം രംഗത്തെത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയ വേളയിൽ അദ്ദേഹത്തിൻ്റെ “അന്തസ്സും ഗൗരവവും കാറ്റിൽപ്പറന്നു” എന്ന് ചൊവ്വാഴ്ച പത്രത്തിൽ പ്രസിദ്ധീകരിച്ച കടുത്ത ഭാഷയിലുള്ള ലേഖനത്തിൽ പരിഹസിക്കുന്നു. വിവിഐപി നിരയിൽ മുൻനിരയിൽ തന്നെ നടി തൃഷയ്ക്ക് ഇരിപ്പിടം നൽകിയതും, മുഖ്യമന്ത്രിയും നടിയും പരസ്പരം സല്യൂട്ട് കൈമാറിയതുമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.

“യാതൊരുവിധ നാണക്കേടോ മടിയോ ഇല്ലാതെ, നടി മുൻനിരയിൽ ഇരിക്കുന്നതും ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങൾക്ക് ഒട്ടും സഹിക്കാനാകുന്നതായിരുന്നില്ല,” ലേഖനത്തിൽ കുറിച്ചു. ഈ സംഭവത്തെ ഒരു ബഹുമതിയായി കാണിച്ച് ന്യായീകരിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഇന്ന് തമിഴ്‌നാട് ഭരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തി.

ഒരു ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങിൽ ഇത്തരമൊരു ഇടപെടൽ ഉചിതമാണോ എന്ന് ചോദ്യം ചെയ്ത ലേഖനം, ഭരണപരമായ ചടങ്ങുകളിലേക്ക് ഒരു നടിയെ കൊണ്ടുവരുന്നതും വിവിഐപി പരിഗണന നൽകുന്നതും വിജയ്‌യുടെ കടുത്ത ആരാധകർക്ക് മാത്രമേ അംഗീകരിക്കാൻ കഴിയൂ എന്നും കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസോ അദ്ദേഹത്തിൻ്റെ പാർട്ടിയോ തൃഷയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

DMK questions Trisha’s presence at Independence Day function, says ‘only fans can tolerate’, voters can’t bear it

More Stories from this section

family-dental
witywide