
ന്യൂഡൽഹി : ഹന്താവൈറസ് ബാധയെത്തുടർന്ന് പ്രതിസന്ധിയിലായ ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് ക്രൂയിസ് കപ്പലിലെ രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്ന് സ്പെയിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും നിലവിൽ ആരോഗ്യവാന്മാരാണെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവരെ നിരീക്ഷണത്തിനായി നെതർലാൻഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഏകദേശം 150 യാത്രക്കാരുണ്ടായിരുന്ന ഈ കപ്പലിൽ രണ്ട് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കാനറി ദ്വീപിന് സമീപം വെച്ചാണ് കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് സ്പാനിഷ് നാഷണൽ സെൻ്റർ ഫോർ എമർജൻസി മോണിറ്ററിംഗ് ആൻഡ് കോർഡിനേഷന്റെ (CENEM) നിർദേശപ്രകാരം ഇവരെ സുരക്ഷിതമായി മാറ്റുകയായിരുന്നു. ഇന്ത്യൻ അംബാസഡർ സ്പെയിനിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മെയ് 8 വരെ എട്ട് ഹന്താവൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടു. ആൻഡീസ് വൈറസ് എന്ന വകഭേദമാണ് ഇതിന് കാരണം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെങ്കിലും, വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് സംഭവിക്കൂ എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം, ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ പറഞ്ഞു. ഇത് കപ്പലിൽ ഉണ്ടായ ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്ത്യയിൽ ഈ വൈറസ് പടരാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. എലികളിൽ നിന്നാണ് പ്രധാനമായും ഈ രോഗം പകരുന്നത്.
‘Health condition satisfactory, no symptoms’: Indian crew on MV Hondius safe, says embassy















