ക്രൂയിസ് കപ്പലിൽ ഹാൻ്റവൈറസ് പടരുന്നു: സ്വിറ്റ്സർലൻഡിലും പുതിയ കേസ്, അതീവ ജാഗ്രത

സൂറിച്ച്: ആഡംബര ക്രൂയിസ് കപ്പലായ ‘എംവി ഹോണ്ടിയസിൽ’ പടർന്നുപിടിച്ച ഹാൻ്റവൈറസ് ബാധ കൂടുതൽ ആശങ്ക പടർത്തുന്നു. കപ്പലിലെ യാത്രക്കാരനായിരുന്ന സ്വിസ് പൗരന് സൂറിച്ചിൽ രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇദ്ദേഹത്തെ സ്വിറ്റ്സർലൻഡിലെ സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരിച്ചതായാണ് വിവരം. രണ്ട് ഡച്ച് പൗരന്മാരും ഒരു ജർമ്മൻ പൗരനുമാണ് മരിച്ചത്.

ഏപ്രിൽ അവസാനത്തോടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വിസ് പൗരൻ, കപ്പൽ അധികൃതർ നൽകിയ അടിയന്തര ജാഗ്രതാ നിർദ്ദേശത്തെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ‘ആൻഡീസ്’ (Andes) എന്ന തീവ്രമായ ഹാൻ്റവൈറസ് വകഭേദമാണ് പടരുന്നത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള അപൂർവ്വ വകഭേദമാണ്. നിലവിൽ എട്ട് കേസുകളാണ് കപ്പലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കേപ് വെർഡെക്ക് സമീപമുള്ള കപ്പൽ, അണുനശീകരണത്തിനായി കാനറി ദ്വീപുകളിലേക്ക് തിരിച്ചുവിട്ടു.

രോഗലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുക്കുമെന്നതിനാൽ, കപ്പലിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോട് കർശന നിരീക്ഷണത്തിൽ തുടരാൻ സ്വിസ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.വൈറസ് ബാധിച്ച സ്വിസ് പൗരന്റെ ഭാര്യ നിലവിൽ നിരീക്ഷണത്തിലാണ്. എന്നാൽ പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Hantavirus spreads on cruise ship: New case in Switzerland, high alert

More Stories from this section

family-dental
witywide