
തിരുവനന്തപുരം: കണ്ണൂരിലെ സ്വകാര്യ ഡെൻ്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകളും ആക്ഷൻ കൌൺസിലും പ്രഖ്യാപിച്ച ഹർത്താലിൽ വിവിധയിടങ്ങളിൽ പ്രതിഷേധം. തലസ്ഥാന നഗരമായ തമ്പാനൂരിൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു. ബസ്സുകൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്.
പത്തനംതിട്ട ജില്ലയിലെ അടൂരിലും ബസ്സുകൾ തടയുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽ നിലവിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
52 ദളിത് സംഘടനകളുടെ പിന്തുണയോടെ ആക്‌ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങൾ തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബസ്സുകൾ സർവീസ് മുടക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും വ്യക്തമാക്കി. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പൊലീസ് ഇടപെടുന്നുണ്ടെങ്കിലും തമ്പാനൂരിലെ പ്രതിഷേധം കെഎസ്ആർടിസി സർവീസുകളെ ബാധിച്ചിട്ടുണ്ട്.
Hartal continues in the state; KSRTC buses blocked in Thampanoor and Adoor














