ഓഹരി വിപണിയിൽ വീണ്ടും വലിയ തകർച്ച ഉണ്ടായാൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ സംരംഭകരുടെ സമ്പത്തുപോലും ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ശതകോടീശ്വരനും സംരംഭകനുമായ മാർക്ക് ക്യൂബൻ്റെ മുന്നറിയിപ്പ്. ഹൗസ് ഓഫ് ഹേമേക്കേഴ്സ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ക്യൂബൻ ഇക്കാര്യം പറഞ്ഞത്. “ ഇലോൺ മസ്കിനെപ്പോലുള്ള ലോകത്തിലെ അതിസമ്പന്നരുടെ സമ്പത്തും ഓഹരി വിപണി തകർന്നാൽ വലിയ തോതിൽ ഇടിയാം,” അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് തന്റെ ആസ്തി എലോൺ മസ്കിന്റെയും ജെഫ് ബെസോസിന്റെയും ആസ്തിയുടെ ആകെ മൂല്യത്തേക്കാൾ കൂടുതലായിരുന്നുവെന്നും ക്യൂബൻ വെളിപ്പെടുത്തി. എന്നാൽ കൂടുതൽ സമ്പാദിക്കുന്നതിനേക്കാൾ തന്റെ ബാസ്‌ക്കറ്റ്‌ബോൾ ടീമായ ഡാലസ് മാവറിക്സിന്റെ വിജയത്തിനാണ് താൻ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പത്ത് ഏതാനും കമ്പനികളിലും വ്യക്തികളിലും കേന്ദ്രീകരിക്കുന്നത് ആശങ്കാജനകമാണെന്നും ക്യൂബൻ അഭിപ്രായപ്പെട്ടു.
ഇന്ന് 10 മുതൽ 15 വരെ കമ്പനികൾ ട്രില്യൺ ഡോളർ മൂല്യത്തിലെത്തിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് കമ്പനികൾ ഇപ്പോഴും പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1999-ൽ തന്റെ കമ്പനിയായ ബ്രോഡ്കാസ്റ്റ്.കോം 5.7 ബില്യൺ ഡോളറിന് യാഹുവിന് വിറ്റശേഷം, ‘കോളർ സ്ട്രാറ്റജി’ എന്ന നിക്ഷേപ തന്ത്രത്തിലൂടെ 1.4 ബില്യൺ ഡോളറിന്റെ നിക്ഷേപം വിപണി ഇടിവിൽ നിന്ന് സംരക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. “സമ്പത്ത് സംരക്ഷിക്കുക മാത്രമല്ല, അതിലൂടെ കൂടുതൽ പണം സമ്പാദിക്കാനും എനിക്ക് കഴിഞ്ഞു. അതായിരുന്നു ഭാഗ്യം,” ക്യൂബൻ കൂട്ടിച്ചേർത്തു.
സാമ്പത്തിക അച്ചടക്കത്തിന് പ്രാധാന്യം നൽകുന്ന ക്യൂബൻ, ജീവിതത്തിന്റെ തുടക്കത്തിൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നതിൽ ഖേദമുണ്ടെന്നും പറഞ്ഞു. നിലവിൽ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്ന ആരോഗ്യ മേഖലയിലെ സ്ഥാപനമായ കോസ്റ്റ് പ്ലസ് ഡ്രഗ്സിലൂടെയും സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളിലൂടെയും സജീവമാണ് മാർക്ക് ക്യൂബൻ. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം, മാർക്ക് ക്യൂബന്റെ ആസ്തി ഏകദേശം 6 ബില്യൺ ഡോളറാണ്. ഇലോൺ മസ്കിന്റെ ആസ്തി 982.6 ബില്യൺ ഡോളറും ജെഫ് ബെസോസിന്റെ ആസ്തി 251.5 ബില്യൺ ഡോളറുമാണ്.
American billionaire Mark Cuban warned: ‘Elons of the world’ may see their wealth wiped out if














