കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ കെട്ടിടത്തിൽ നിന്ന വീണുമരിച്ച ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ലോണ്‍ ആപ്പ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുമ്പ് സൈബര്‍ സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ചക്കരയ്ക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം, ലോണ്‍ ആപ്പിന്റെ ഭീഷണിയും കോളജിന്റെ ഭാഗത്തുനിന്നുണ്ടായ ചോദ്യം ചെയ്യലുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇത്തരം വാദങ്ങള്‍ കുടുംബം തള്ളി. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ സ്റ്റാഫ്റൂമില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും വിഷയത്തെ ലോണ്‍ ആപ്പിലേക്ക് ചുരുക്കിക്കെട്ടാന്‍ കരുതിക്കൂട്ടി ശ്രമം നടക്കുന്നുവെന്നും നിതിൻ്റെ കുടുംബം ആരോപിച്ചു.
Nitin Raj’s death; Case filed against Instapay loan app















