
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നുവെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച പെന്റഗണിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മേഖലയിൽ ചില സംഘർഷങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഇത് നിലവിലെ വെടിനിർത്തൽ കരാറിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം പത്തിലധികം തവണ ഇറാൻ യുഎസ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയതായി ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വെളിപ്പെടുത്തി. എങ്കിലും ഈ ആക്രമണങ്ങൾ വലിയ തോതിലുള്ള യുദ്ധം പുനരാരംഭിക്കാനുള്ള സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വെച്ച ഇറാന്റെ ആറ് ബോട്ടുകൾ യുഎസ് സൈന്യം തകർത്തതായി സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ സ്ഥിരീകരിച്ചിരുന്നു.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ അമേരിക്ക നടത്തുന്ന ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന ദൗത്യം മേഖലയിലെ മറ്റ് സൈനിക നടപടികളിൽ നിന്ന് വ്യത്യസ്തമാണെന്ന് പ്രതിരോധ സെക്രട്ടറി വിശദീകരിച്ചു. ഈ ദൗത്യം പൂർണ്ണമായും പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഇറാനിയൻ ആക്രമണങ്ങളിൽ നിന്ന് വാണിജ്യ കപ്പലുകളെ സംരക്ഷിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം രണ്ട് അമേരിക്കൻ വാണിജ്യ കപ്പലുകൾ കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോയതായും ഉപരോധം ലംഘിക്കാൻ ശ്രമിച്ച ആറ് കപ്പലുകളെ തിരിച്ചയച്ചതായും അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കെ, കപ്പൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ അതീവ ജാഗ്രതയിലാണ് അമേരിക്കൻ നാവികസേന.















