കാനഡയിൽ നിന്ന് വേർപിരിയുന്നതിനെതിരെ വോട്ട് ചെയ്ത് ആൽബർട്ട; എന്നാൽ കുടിയേറ്റ നിയന്ത്രണങ്ങളെ പിന്തുണച്ച് ജനങ്ങൾ

ഓട്ടവ: കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ആൽബർട്ടയെ രാജ്യത്ത് നിന്ന് വേർപെടുത്താനുള്ള നീക്കം വോട്ടർമാർ തള്ളി. ഇതുസംബന്ധിച്ച് തിങ്കളാഴ്ച നടന്ന ഹിതപരിശോധനയുടെ ഫലം പുറത്തുവന്നപ്പോൾ ഭൂരിഭാഗം ആളുകളും കാനഡയുടെ ഭാഗമായി തുടരുന്നതിനെയാണ് അനുകൂലിച്ചത്. പോളിംഗ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന പ്രാരംഭ ഫലങ്ങൾ പ്രകാരം, മൂന്നിൽ മൂന്ന് ഭാഗം വോട്ടർമാരും വിഘടനവാദത്തെ എതിർത്ത് കാനഡയിൽ തുടരണമെന്ന് വിധിയെഴുതി. കാനഡയിൽ തുടരാൻ വോട്ടർമാർ വ്യക്തമായ തീരുമാനം എടുത്തതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ആൽബർട്ടയിലെ വിവിധ നഗരങ്ങളിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി മാർക്ക് കാർണി ജനങ്ങളോട് ഐക്യത്തിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നു. കാനഡയുടെ ഭാഗമായി തുടരുന്നതിലൂടെ രാജ്യത്തിന്റെ കെട്ടുറപ്പ് കൂടുതൽ ശക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ വിഘടനവാദത്തെ ജനങ്ങൾ തള്ളിക്കളഞ്ഞെങ്കിലും, പ്രവിശ്യാ സർക്കാർ മുന്നോട്ടുവെച്ച കുടിയേറ്റവുമായി ബന്ധപ്പെട്ട മറ്റ് ഒമ്പത് ചോദ്യങ്ങളെയും വോട്ടർമാർ പിന്തുണച്ചു.

പ്രവിശ്യയിൽ കുടിയേറ്റം കുറയ്ക്കുന്നതിനും, സാമ്പത്തിക കുടിയേറ്റത്തിന് മുൻഗണന നൽകുന്നതിനും, പുതിയ തൊഴിലവസരങ്ങളിൽ ആൽബർട്ടയിലെ പൗരന്മാർക്ക് ആദ്യ പരിഗണന ഉറപ്പാക്കുന്നതിനും പ്രവിശ്യാ സർക്കാരിന് കൂടുതൽ അധികാരം നൽകണമെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടു. കൂടാതെ, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് കാനഡയിലെ പൗരന്മാരും സ്ഥിരതാമസക്കാരും പ്രവിശ്യാ അംഗീകൃത കുടിയേറ്റ പദവിയുള്ളവരും മാത്രമായിരിക്കണം അർഹരെന്നും, താൽക്കാലികമായി കുടിയേറിപ്പാർക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുറഞ്ഞത് 12 മാസമെങ്കിലും അവിടെ താമസിച്ചിരിക്കണമെന്നുമുള്ള നിർദ്ദേശങ്ങളെയും വോട്ടർമാർ പിന്തുണച്ചു.

More Stories from this section

family-dental
witywide