
ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് പറയാൻ കോടതികൾക്ക് എങ്ങനെ കഴിയുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദങ്ങൾ നിരത്തുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിർണ്ണായക നിരീക്ഷണം. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശ വിധിയുണ്ടായതെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്കരണം എന്ന പേരിൽ മതത്തിന്റെ അന്തഃസത്ത ഇല്ലാതാക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
ശബരിമലയിലെ പ്രതിഷ്ഠയുടെ പ്രത്യേകതയായ ‘നൈഷ്ഠിക ബ്രഹ്മചര്യം’ സംരക്ഷിക്കപ്പെടണമെന്നും ആചാരം പാലിച്ചേ പ്രവേശനം അനുവദിക്കാനാവൂ എന്നും ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. മറ്റു അയ്യപ്പക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശന വിലക്കില്ലാത്തതിനാൽ ശബരിമലയിലെ നിയന്ത്രണത്തെ ലിംഗവിവേചനമായി കാണാനാവില്ല. പൊതുതാൽപ്പര്യ ഹർജി നൽകിയവർ ക്ഷേത്രവുമായി ബന്ധമുള്ളവരല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം ഇടപെടലുകൾ അനാവശ്യമാണെന്നും നിരീക്ഷിച്ചു. മതപരമായ ആചാരങ്ങളെ യുക്തിപരമാക്കാൻ കോടതികൾ ശ്രമിക്കരുതെന്നാണ് ബോർഡ് സ്വീകരിച്ച നിലപാട്.
ആചാരങ്ങൾ പാലിക്കപ്പെടണമെന്നും എന്നാൽ ജാതിയുടെയോ വർഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിലക്ക് അംഗീകരിക്കില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലും ഗുരുവായൂരിലും വർഷങ്ങളായി നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോർഡ് വാദിച്ചു. ഇതോടെ ഭരണഘടനാ ബെഞ്ചിന് മുന്നിൽ ദേവസ്വം ബോർഡിന്റെ വാദം പൂർത്തിയായി. കേസിൽ കേരള സർക്കാരിന്റെ വാദം വരും വെള്ളിയാഴ്ച നടക്കും.
How can courts rule against the faith of millions? Supreme Court’s crucial observation in Sabarimala case














