
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതിയില്ലാതെ പറന്ന സംഭവത്തിൽ സുരക്ഷാ വീഴ്ചയുള്ളതായി തോന്നുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഹെലികോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചിരുന്നെന്നും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നാണ് സന്നിധാനത്തിന് മുകളിൽ എത്തിയതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ ആദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദങ്ങൾക്ക് വഴിമാറിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ദേവസ്വം പ്രസിഡന്റ് രംഗത്തെത്തിയത്.
അതേസമയം, അതീവ സുരക്ഷാ മേഖലയായ സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവം ഗൗരവകരമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ പമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തിയ ഹെലികോപ്റ്റർ കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം വട്ടമിട്ടു പറന്നതായാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഡ്രോണുകൾക്ക് പോലും അനുമതിയില്ലാത്ത മേഖലയിൽ ഇത്തരം നീക്കങ്ങൾ ഉണ്ടായത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശതെറ്റി സന്നിധാനത്തിന് മുകളിൽ എത്തിയതാണെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. പതിവ് നിരീക്ഷണ പറക്കലിനിടെ അന്തരീക്ഷം മേഘാവൃതമായതിനാൽ സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നും അവർ വ്യക്തമാക്കി. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിലുള്ള ശബരിമലയിൽ ഇത്തരമൊരു നിരീക്ഷണം ആവശ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
No Security Breach in Sabarimala Helicopter Incident, Says Devaswom President; Pamba Police Register Case











