ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധവുമായി ‘കോക്രോച്ച് ജനത പാർട്ടി’; ഇന്ത്യയിലേക്ക് മടങ്ങി അഭിജീത് ദിപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ രൂപംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’ (CJP) നാളെ (ജൂൺ 6 ) ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. അബിജീത് ദിപ്കെ സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടി’ എന്ന പ്രസ്ഥാനമാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് അഭിജീത് ദിപ്കെ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. “ഇന്ത്യയിലേക്കുള്ള യാത്രയിലാണ്… എന്റെ വിധി ഭരണഘടനയുടെ കൈകളിൽ ഏൽപ്പിക്കുന്നു. #ജയ് ഭീം,” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ഡൽഹിയിലെത്തുന്ന ദിപ്കെയ്ക്കൊപ്പം സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. പ്രതിഷേധത്തിൽ സോനം വാങ്ചുക്ക് പങ്കെടുക്കുമെന്നും സമാധാനപരമായ പ്രതിഷേധത്തിന് അനുമതി തേടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനെ സമീപിക്കുമെന്നും സി.ജെ.പി. വ്യക്തമാക്കി.

അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടികളും ജനക്കൂട്ട നിയന്ത്രണവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈക്കോർട്ട് വെള്ളിയാഴ്ച വിസമ്മതിച്ചു. കോക്രോച്ച് ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് പിന്നിൽ ഒരു കോടതി പരാമർശമാണുള്ളത്. ഒരു കേസിന്റെ വാദത്തിനിടെ സൂര്യകാന്ത് നടത്തിയ പരാമർശത്തിൽ വ്യാജ നിയമബിരുദങ്ങളുള്ള തൊഴിൽരഹിത യുവാക്കളെ ‘കോക്രോച്ചുകളോട്’ ഉപമിച്ചിരുന്നു. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്ക് വഴിവെക്കുകയും പിന്നീട് ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

ഇതിനിടെ, ശനിയാഴ്ച ജന്തർ മന്തറിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രതിഷേധത്തിന് അനുമതി തേടി സി.ജെ.പി. ഇതുവരെ ഔദ്യോഗിക അപേക്ഷ നൽകിയിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ന്യൂഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ സന്ദേശങ്ങളിലൂടെയുമാണ് പ്രതിഷേധത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഔദ്യോഗിക അപേക്ഷ ലഭിച്ചാൽ അത് പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കുമെന്നും അവർ അറിയിച്ചു.

വെള്ളിയാഴ്ച ഡൽഹി പൊലീസ് ഉന്നതതല അവലോകന യോഗം ചേർന്നിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് യൂണിറ്റുകൾ ജാഗ്രതാ നിലയിലാണെന്നും, രഹസ്യാന്വേഷണ വിവരങ്ങളും സ്ഥലത്തെ സാഹചര്യങ്ങളും വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതാണ് സി.ജെ.പി.യുടെ പ്രധാന ആവശ്യം. പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകളുടെ ദൃശ്യങ്ങളും പാർട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അധികാരികൾ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയെന്നാണ് പാർട്ടിയുടെ ആരോപണം.

The Cockroach Janta Party protests at Jantar Mantar demanding Dharmendra Pradhan’s resignation; Abhijeet Dipke returns to India

More Stories from this section

family-dental
witywide