ഇന്ത്യൻ ഫുട്ബോളിന്‍റെ ഹൃദയം കവർന്ന് സാംബാ താളം, ബ്രസീലിയൻ കരുത്തിന് മുന്നിൽ പൊരുതിവീണ് ഇന്ത്യ; സൗഹൃദ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് ഏകപക്ഷീയമായ 4 ഗോൾ വിജയം

ലോക ഫുട്‌ബോളിലെ ഭീമന്മാരായ ബ്രസീലിനെതിരെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ചരിത്ര സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. വിനേഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അണിനിരന്ന ബ്രസീലിയൻ പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യൻ ബ്ലൂ ടൈഗേഴ്‌സിനെ കീഴടക്കിയത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയ മഞ്ഞപ്പട, രണ്ടാം പകുതിയിലും തങ്ങളുടെ പൂർണ ആധിപത്യം തുടർന്നാണ് വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്രസീലിനായി ആദ്യ പകുതിയിൽ എസ്തേവാവോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടു.

ആദ്യ പകുതിയിലെ തിരിച്ചടികൾക്ക് ശേഷം കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയത്. ബ്രസീലിയൻ പ്രതിരോധത്തെ വിറപ്പിച്ച് മികച്ച മുന്നേറ്റങ്ങൾ നടത്താൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചു. 53-ാം മിനിറ്റിൽ റയാൻ വില്ല്യംസ് തൊടുത്ത ശക്തമായ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ തട്ടിയകറ്റി. പിന്നാലെ മൻവീർ സിങ്ങിനും മികച്ച അവസരങ്ങൾ ലഭിച്ചു. 64-ാം മിനിറ്റിൽ ബ്രസീൽ പ്രതിരോധത്തെയും ഗോൾകീപ്പറെയും മറികടന്ന് റയാൻ തൊടുത്ത ഷോട്ട് ഗോൾലൈനിൽ വെച്ച് ബ്രസീലിയൻ താരങ്ങൾ ക്ലിയർ ചെയ്തത് ഇന്ത്യക്ക് ഗോൾ നിഷേധിച്ചു.

തുടർന്നും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ ഇന്ത്യക്ക് തിരിച്ചടിയാകുകയായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ സാമുവൽ ലിനോ നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിന്റെ വിജയം 4-0 എന്ന നിലയിലെത്തിച്ചത്. തുടർന്ന് പരിശീലകൻ ഖാലിദ് ജമീൽ റയാൻ വില്ല്യംസിനെയും മൻവീർ സിങ്ങിനെയും പിൻവലിച്ചു. ഫലത്തിൽ തോൽവിയോടെയാണ് അവസാനിച്ചതെങ്കിലും, ലോകോത്തര ടീമിനെതിരെ മികച്ച രീതിയിൽ പൊരുതിനിൽക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞത് ഇന്ത്യൻ ഫുട്‌ബോളിന് വലിയൊരു ആത്മവിശ്വാസമാണ് നൽകുന്നത്.

More Stories from this section

family-dental
witywide