
ഇന്ത്യൻ ഫുട്ബോളിന് ചരിത്രപരമായ നിമിഷമൊരുക്കിക്കൊണ്ട് അഞ്ച് തവണ
ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഇന്ത്യക്കെതിരെ കളിക്കാൻ കൊൽക്കത്തയിലെത്തുന്നു. ഒക്ടോബർ 3-ന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ-ബ്രസീൽ പോരാട്ടം നടക്കുമെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2026-ലെ ഫിഫ വിൻഡോയുടെ ഭാഗമായി കളിക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളിൽ ഒരെണ്ണമാണ് ഇന്ത്യയിൽ ക്രമീകരിച്ചിരിക്കുന്നത്.
മറ്റു രണ്ടു മത്സരങ്ങൾ ഓസ്ട്രേലിയയിൽ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബർ 25-ന് ടൗൺസ്വില്ലെയിലും സെപ്റ്റംബർ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരങ്ങൾ. അതിനുശേഷമായിരിക്കും ടീം ഇന്ത്യയിലെത്തുക. മുൻപ് ലോകകപ്പ് വേളകളിൽ കൊൽക്കത്ത നഗരം ബ്രസീലിനായി മഞ്ഞയും പച്ചയും നിറങ്ങളിൽ ആവേശക്കടലായതും പതാകകളും കട്ടൗട്ടുകളും ഉയർന്നതും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. 1977-ൽ പെലെ മോഹൻ ബഗാനെതിരെ കളിച്ച ചരിത്രബന്ധവും കൊൽക്കത്തയ്ക്കുണ്ട്.
ഇതിനുമുമ്പ് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ലയണൽ മെസിയും അർജന്റീനയും കളിച്ചിട്ടുണ്ടെങ്കിലും, ബ്രസീൽ ദേശീയ ടീം ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ പന്ത തട്ടാൻ ഇറങ്ങുന്നത്. കരാർ സംബന്ധിച്ച അന്തിമ വിവരങ്ങൾ പുറത്തുവരുന്നതോടെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഒരു രാത്രിക്കായിരിക്കും കൊൽക്കത്ത സാക്ഷ്യം വഹിക്കുകയെന്ന് എ.ഐ.എഫ്.എഫ്. വ്യക്തമാക്കി.
Historic India vs Brazil Football Match in Kolkata on October 3: BFC Confirms Official Announcement














