ഒടുവിൽ അതും സംഭവിച്ചു! ഇടത് ഭരണത്തിലൂടെ അവസാന തുരുത്തും നഷ്ടം; ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇടതുപക്ഷ ഭരണമില്ലാതായി

കേരളത്തിലെ പരാജയത്തോടെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇടതുപക്ഷ ഭരണമില്ലാതായി. ആദ്യം പശ്ചിമ ബംഗാളും തുടർന്ന് ത്രിപുരയും കൈവിട്ടപ്പോഴും ഇടതുപക്ഷത്തിന് ആശ്വാസമായിരുന്നത് കേരളമായിരുന്നു. ഇപ്പോൾ അതും നഷ്ടമായതോടെ സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഗൗരവമായ പുനർവിചിന്തനത്തിലേക്ക് കടക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തുതന്നെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇടതുപക്ഷ സർക്കാർ രൂപം കൊണ്ടത് കേരളത്തിലായിരുന്നു.

തുടർച്ചയായി രണ്ടുതവണ ഭരണത്തിന് അവസരം നൽകി സംസ്ഥാനം ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ന്, ഇടതുപക്ഷ ഭരണമില്ലാത്ത രാജ്യമായി ഇന്ത്യ മാറുന്നതും കേരളത്തിലൂടെയാണ്. 1957-ൽ ഇ.എം.എസ്. സർക്കാരിന്റെ അധികാരാരോഹണത്തോടെയാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തുടക്കം. തുടർന്ന് ഇടതും വലതും മാറിമാറി അധികാരത്തിലെത്തി. എന്നാൽ ബംഗാളിലും ത്രിപുരയിലും സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടെ പതിറ്റാണ്ടുകളോളം ഇടതുപക്ഷം തുടർച്ചയായി ഭരിച്ചു.1977 മുതൽ 34 വർഷം പശ്ചിമ ബംഗാളിലും, 1993 മുതൽ 25 വർഷം ത്രിപുരയിലും ഇടതുപക്ഷം തോൽവി അറിഞ്ഞിരുന്നില്ല.

എന്നാൽ തുടർച്ചയായ വിജയങ്ങൾ തന്നെ പിന്നീട് പരാജയത്തിന് വഴിതെളിച്ചതായി പിന്നീട് തിരിച്ചറിഞ്ഞു. 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാൾ ഇടതുപക്ഷം നഷ്ടമായി. തുടർന്ന് ഏഴുവർഷം കൂടി നിലനിന്ന ത്രിപുര 2018-ൽ ബി.ജെ.പി കൈവശപ്പെടുത്തി.ഈ രണ്ട് സംസ്ഥാനങ്ങളും പിന്നീട് ഇടതുപക്ഷത്തിന് പിന്തുണ നൽകിയില്ല. അപ്പോഴും ആശ്വാസമായി നിലകൊണ്ടത് കേരളമായിരുന്നു.

എന്നാൽ ആ തുരുത്തും ഇപ്പോൾ നഷ്ടമായിരിക്കുകയാണ്. കാലത്തിനൊപ്പം മാറാതിരിക്കുക, ജനങ്ങളിൽ നിന്ന് അകലം വർധിക്കുക, നയങ്ങളിലും നിലപാടുകളിലും ആശയക്കുഴപ്പം, വലതുപക്ഷത്തിലേക്കുള്ള വഴിമാറ്റം തുടങ്ങിയവയെല്ലാം വിമർശകർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങളാണ്. പലപ്പോഴും സ്വന്തം നിലപാടുകൾ തന്നെ വിമർശനവിധേയമാകുന്ന സാഹചര്യങ്ങളും ഉണ്ടായി. ഇതിന്റെ ആകെ ഫലമാണ് ഇപ്പോഴത്തെ പരാജയം. സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്ക് ഇനി ആത്മപരിശോധനയുടെ ഘട്ടമാണ്.

More Stories from this section

family-dental
witywide