
ന്യൂയോർക്ക്: യുണൈറ്റഡ് നേഷൻസ് പൊതുസഭയിൽ പാകിസ്ഥാനും ബെലാറസും സംയുക്തമായി അവതരിപ്പിച്ച ആയുധ നിയന്ത്രണ പ്രമേയത്തെ ശക്തമായി എതിർത്ത് ഇന്ത്യ. പ്രാദേശിക-ഉപപ്രാദേശിക തലങ്ങളിൽ പരമ്പരാഗത ആയുധങ്ങൾ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുവന്ന കരട് പ്രമേയത്തിനെതിരെയാണ് ഇന്ത്യയും ഇസ്രായേലും വോട്ട് ചെയ്തത്. 193 അംഗങ്ങളുള്ള യുഎൻ പൊതുസഭയുടെ ഒന്നാം കമ്മിറ്റിയിൽ 180 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, ഇന്ത്യയും ഇസ്രായേലും മാത്രമാണ് ഇതിനെതിരെ നിലകൊണ്ടത്.
ആയുധ നിയന്ത്രണം എന്നത് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും അതിനെ പ്രാദേശിക അതിരുകൾക്കുള്ളിൽ ഒതുക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ ഫസ്റ്റ് സെക്രട്ടറി അൻമോൾ ഷേർ ബേദിയാണ് രാജ്യത്തിന്റെ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
“രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ അവയുടെ പ്രാദേശിക അതിർത്തികളിൽ മാത്രം അവസാനിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഒരു പ്രത്യേക പ്രദേശത്ത് മാത്രം സൈനിക സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ആശയം പ്രായോഗികമല്ല,” അൻമോൾ ഷേർ ബേദി പറഞ്ഞു. മുൻകാലങ്ങളിൽ ഇതേ വിഷയത്തിൽ യുഎൻ നിരായുധീകരണ കമ്മീഷൻ മൂന്ന് തവണ (1993, 1999, 2017 വർഷങ്ങളിൽ) വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും ശുപാർശകളും സമവായത്തിലൂടെ അംഗീകരിച്ചിട്ടുള്ളതാണെന്നും, വീണ്ടും ആദ്യം മുതൽ ചർച്ച തുടങ്ങുന്നത് യുഎൻ സംവിധാനങ്ങളെ വെറുതെ തിരക്കിലാക്കി നിർത്താൻ മാത്രമേ ഉപകരിക്കൂ എന്നും ഇന്ത്യ കുറ്റപ്പെടുത്തി.
ദക്ഷിണേഷ്യൻ മേഖലയിലെ ആയുധ നിയന്ത്രണ നിർദ്ദേശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന പ്രത്യേക ഖണ്ഡികയ്ക്കെതിരെയും ഇന്ത്യ വോട്ട് രേഖപ്പെടുത്തി. സൈനിക ശേഷി കൂടിയ രാജ്യങ്ങൾക്ക് പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന പ്രമേയത്തിലെ വാദത്തെയും തള്ളിക്കൊണ്ട്, വിഷയം ആഗോളതലത്തിൽ തന്നെ സമീപിക്കണമെന്ന മുൻ നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു.
Regional Arms Control Resolution: India and Israel Voted Against Pakistan at the UN















