
ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് തദ്ദേശീയമായി വികസിപ്പിച്ച രുദ്രം രണ്ട് വ്യോമ-ഭൂതല മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ഇന്ത്യൻ വ്യോമസേനയും ചേർന്നാണ് ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വ്യോമസേനാ വിമാനത്തിൽ നിന്ന് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് കൃത്യതയോടെ മിസൈൽ പതിച്ചതായും പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മണിക്കൂറിൽ മാക് 5.5 വേഗതയുള്ള രുദ്രം രണ്ടിന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ശേഷിയുണ്ട്. 200 കിലോഗ്രാം വരെയുള്ള യുദ്ധശിരസ്സുകൾ വഹിക്കാൻ കഴിയുന്ന ഈ മിസൈൽ, സുകോയ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് മൂന്ന് മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ നിന്ന് തൊടുക്കാൻ സാധിക്കും. നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത ഖാ-31 ആന്റി റേഡിയേഷൻ മിസൈലുകൾക്ക് പകരമായാണ് രുദ്രം രണ്ട് സജ്ജമാക്കുന്നത്. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്താണ് ഇതിന്റെ നോഡൽ ലാബ്.
തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയുടെ വളർച്ച തെളിയിക്കുന്നതാണ് ഈ വിജയമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ രംഗത്തെ സ്വാശ്രയത്വത്തിന് ഈ പരീക്ഷണം വലിയ സംഭാവനയാണ് നൽകുന്നത്. വിവിധ അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങളും തദ്ദേശീയ സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് രുദ്രം രണ്ട് മിസൈൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. എച്ച്എഎൽ അടക്കമുള്ള വിവിധ പൊതുമേഖലാ-സ്വകാര്യ പങ്കാളികൾ ഈ നേട്ടത്തിൽ പങ്കാളികളായി.
India successfully flight-tests indigenous RudraM-II air-to-surface missile














