ന്യൂഡൽഹി: 30 ദിവസം തുടർച്ചയായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി തടവിലാക്കപ്പെട്ടാൽ മന്ത്രിസ്ഥാനങ്ങളിൽ നീക്കം ചെയ്യാൻ കഴിയുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ജോയൻ്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നൽകുമെന്ന് സൂചന. പാർലമെൻ്റിൻ്റെ ജൂലായ് 20-ന് ആരംഭിക്കാൻ സാധ്യതയുള്ള മൺസൂൺ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടാണ് ജെപിസി ഇതിന് അംഗീകാരം നൽകുന്നത്. ജെപിസി ബില്ലിന് ജൂലായ് 17ന് അംഗീകാരം നൽകുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും മന്ത്രിമാരും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 30 ദിവസം തുടർച്ചയായി അറസ്റ്റിലായി കസ്റ്റഡിയിൽ തടവിലാക്കപ്പെട്ടാൽ അവരെ നീക്കം ചെയ്യാനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്നതാണ് ബിൽ. കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ പാർലമെന്ററി പാനൽ ഇത് പരിശോധിക്കാൻ രൂപീകരിക്കുകയും ചെയ്‌തു. പാനലിലെ പ്രതിപക്ഷ എംപിമാരുടെ വിയോജന കുറിപ്പോടെയായിരിക്കും ബില്ലിന് അംഗീകാരം നൽകുക. പാനലിൽ ബിജെപി-എൻഡിഎ അംഗങ്ങളാണ് കൂടുതൽ.
എന്നാൽ തങ്ങളുടെ ആശങ്കകൾ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും റബ്ബർ സ്റ്റാമ്പാക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ എംപിമാർ ജെപിസിയുടെ നടപടികൾ ബഹിഷ്‌കരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികൾക്കുനേരെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ബിൽ ജനാധിപത്യവിരുദ്ധവും ഫെഡറൽ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ശിക്ഷിക്കപ്പെട്ടാൽ നടപടി എടുക്കുന്നതിന് പകരം കസ്റ്റഡി അടിസ്ഥാനമാക്കി പൊതുപ്രതിനിധികളെ ശിക്ഷിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം വാദിക്കുന്നു. അതേസമയം, 30 ദിവസത്തിനുള്ളിൽ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ജാമ്യത്തിനായി അപേക്ഷിക്കാമെന്നും അതുകൊണ്ട് തന്നെ ഇത് നീതിന്യായ വ്യവസ്ഥകൾ ലംഘിക്കുന്നില്ലെന്നാണ് ഭരണപക്ഷത്തിൻ്റെ വാദം.
If detained for 30 consecutive days, ministers will be removed from their ministerial posts; crucial bill soon














