ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധനവില കുറയ്ക്കുന്നതിൽ പൊതുമേഖലാ എണ്ണക്കമ്പനികളാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര വിപണിയിലെ വിലക്കുറവ് സ്ഥിരത കൈവരിക്കുകയും എണ്ണക്കമ്പനികൾ അവരുടെ മുൻപത്തെ നഷ്ടം നികത്തുകയും ചെയ്താൽ വരും ദിവസങ്ങളിൽ വില കുറയ്ക്കുന്നത് പരിഗണിച്ചേക്കാമെന്നും നിലവിലെ സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
സാധാരണയായി രണ്ട് മാസങ്ങൾക്ക് മുമ്പ് വാങ്ങുന്ന എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് നിലവിലെ വിപണി വില നിശ്ചയിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സമയത്ത് ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണയാണ് കമ്പനികൾ ഇപ്പോൾ സംസ്‌കരിച്ചു കൊണ്ടിരിക്കുന്നത് എന്നതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഉടൻ തന്നെ പെട്രോൾ പമ്പുകളിൽ പ്രതിഫലിക്കില്ല. അക്കാലയളവിൽ വില വർദ്ധിപ്പിക്കാത്തതിനാൽ ജൂൺ 30 വരെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും എണ്ണ സംഭരണത്തിലെ രീതികൾ പരിഗണിക്കുമ്പോൾ ഈ വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാൻ കുറച്ച് മാസമെങ്കിലും ഇതേ രീതിയിൽ വില കുറഞ്ഞു നിൽക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ പ്രതിസന്ധികളുണ്ടായിട്ടും ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരാതെ നിയന്ത്രിക്കാനും തടസ്സമില്ലാതെ വിതരണം ചെയ്യാനും സർക്കാരിന് സാധിച്ചുവെന്ന് ഹർദീപ് സിംഗ് പുരി അവകാശപ്പെട്ടു. യു.എസ്, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിലും അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലും ഇന്ധനവില കുത്തനെ ഉയർന്നപ്പോഴും ഇന്ത്യയിൽ വില വർധനവ് കേവലം 11 ശതമാനത്തിൽ നിലനിർത്താൻ കഴിഞ്ഞു. വൻതോതിലുള്ള സാമ്പത്തിക നഷ്ടം കമ്പനികൾ തന്നെ ഏറ്റെടുത്തതുകൊണ്ടാണ് ആഗോള വിപണിയിൽ വില ഉയർന്നപ്പോഴും രാജ്യത്ത് വില വലിയ തോതിൽ വർദ്ധിപ്പിക്കാതെ നിയന്ത്രിക്കാൻ സാധിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Will fuel prices cut? Union Minister says have to wait a few more months










