
സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്ന് തിയേറ്റർ റിലീസ് വൈകുന്ന വിജയ് ചിത്രം ജനനായകന്റെ വ്യാജപതിപ്പ് റിലീസിന് മുന്നേ 1.2 കോടി ആളുകൾ ഓൺലൈനിൽ കണ്ടതായി പൊലീസ്. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ചെന്നൈ പൊലീസ് സൈബർ ക്രൈം വിഭാഗം വിവരം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിജയ്‌യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെ ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് റിലീസ് പ്രതിസന്ധിയിലായത്. എന്നാൽ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഉടൻ നൽകിയേക്കുമെന്നാണ് നിർമാതാക്കളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
സിനിമ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്ന് പേരെക്കൂടി ചെന്നൈ പൊലീസ് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് സ്റ്റുഡിയോയിൽ എത്തിയ ഫ്രീലാൻസ് എഡിറ്ററായ യുവാവാണ് കേസിലെ മുഖ്യപ്രതി. ഇവിടെ വെച്ച് ഇയാൾ അനധികൃതമായി ജനനായകന്റെ റീൽ സ്വന്തമാക്കി പകർപ്പ് നിർമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി ഉയർന്നു.
നേരത്തെ ജനനായകന്റെ വ്യാജപതിപ്പ് കോയമ്പത്തൂരിൽ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്ററെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് കോയമ്പത്തൂർ സ്വദേശിയായ എസ് പളനിസാമിയെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 4 ഹാർഡ് ഡിസ്കുകളും കമ്പ്യൂട്ടറും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പുറത്തായത് സിനിമാ വ്യവസായത്തിൽ വലിയ വിവാദത്തിനാണ് വഴിതുറന്നിരിക്കുന്നത്.
Vijay Movie Jananayakan Leaked Online 1.2 Crore People Watched Before Release Says Chennai Police









