ആകാശത്തെ കഠാര മുനയിൽ ചോര വാർന്നിട്ടും വിട്ടുകൊടുത്തില്ല; 170 ജീവനുകൾ നെഞ്ചോട് ചേർത്ത് ഇന്ത്യൻ ക്യാപ്റ്റൻ! ഇസ്രയേൽ ഒരിക്കലും നിങ്ങളെ മറക്കില്ല, നന്ദിപറഞ്ഞ് മതിയാകാതെ സോഷ്യൽ മീഡിയ

ടെൽ അവീവ്: ആകാശച്ചുഴിയിൽ മരണമുഖം കണ്ട ഫ്ലൈദുബായ് വിമാനത്തിലെ 170-ഓളം യാത്രക്കാരെ സമാനതകളില്ലാത്ത ധീരതയിലൂടെ ജീവനോടെ തിരികെ എത്തിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിന് ലോകമെമ്പാടു നിന്നും ആദരവർഷം. ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ബോയിംഗ് 737 മാക്സ് വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായിട്ടും, വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച ക്യാപ്റ്റൻ സ്മിത്തിനെ ഹീറോയെന്നാണ് ലോകനേതാക്കളും ഇസ്രായേൽ ജനതയും വിശേഷിപ്പിക്കുന്നത്.

വിമാനം ആകാശത്തിലൂടെ പറക്കുമ്പോഴാണ് ഭീകരവാദിയെപ്പോലെ പെരുമാറിയ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കോക്ക്പിറ്റിനുള്ളിൽ വെച്ച് കഠാര ഉപയോഗിച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചത്. വിമാനം ജനവാസമേഖലയിൽ തകർത്തുവീഴ്ത്തുകയായിരുന്നു സഹപൈലറ്റിന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി കുത്തേറ്റ ക്യാപ്റ്റൻ സ്മിത്ത് ചോരയൊലിപ്പിച്ചു കൊണ്ട് അബോധാവസ്ഥയിലേക്ക് വീഴുന്നതിന് തൊട്ടുമുൻപും സഹപൈലറ്റുമായി അതിശക്തമായി പോരാടി.

തുടർന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ആയിരക്കണക്കിന് മീറ്ററുകൾ താഴേക്ക് പതിച്ചു തുടങ്ങി. എന്നാൽ മരണപ്പാച്ചിലിനിടയിലും അസാധാരണമായ മാനസിക സാന്നിധ്യം കാണിച്ച ക്യാപ്റ്റൻ സ്മിത്ത് കോക്ക്പിറ്റിന്റെ വാതിൽ എങ്ങനെയോ തുറക്കുകയായിരുന്നു. ഇതോടെ പുറത്തുണ്ടായിരുന്ന റിസർവ് ക്രൂ അംഗങ്ങളും യാത്രക്കാരും ഉള്ളിലേക്ക് ഇരച്ചുകയറുകയും അക്രമിയായ പൈലറ്റിനെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് റിസർവ് പൈലറ്റാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.

“സ്മിത് മച്ഛാർ എന്ന പേര് നിങ്ങൾ ഒരിക്കലും മറക്കരുത്,” എന്ന സന്ദേശമാണ് ഇപ്പോൾ ഇസ്രായേലിലെ സോഷ്യൽ മീഡിയയിലുടനീളം തരംഗമാകുന്നത്. ഇസ്രായേലിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ഐനവ് അവിസെമർ, താലിയ യോസഫ്, മാധ്യമപ്രവർത്തക നെരിയ ക്രോസ് എന്നിവരടക്കം നിരവധി പേർ ക്യാപ്റ്റൻ സ്മിത്തിനും ഇന്ത്യക്കും നന്ദി അറിയിച്ചുകൊണ്ട് വീഡിയോകൾ പങ്കുവെച്ചു.

“ഈ അവസരത്തിൽ ആ ഇന്ത്യൻ പൈലറ്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തൊരു ഹീറോയാണദ്ദേഹം! അദ്ദേഹത്തിന്റെ ഈ ധീരമായ പ്രവർത്തിയുണ്ടായിരുന്നില്ലെങ്കിൽ, ഇന്നീ കഥ തികച്ചും വ്യത്യസ്തമായ മറ്റൊരു ദുരന്തമായി അവസാനിച്ചേനെ.” ഐനവ് അവിസെമർ കുറിച്ചു.

“എന്റെ ഫോളോവേഴ്സ് ഉൾപ്പെടെ നിങ്ങൾ ഓരോരുത്തരും സ്മിത് മച്ഛാർ എന്ന പേര് അറിഞ്ഞിരിക്കണം. ക്രൂരമായി കുത്തേറ്റ് ശരീരം മുഴുവൻ ഗുരുതരമായ മുറിവുകളുണ്ടായിട്ടും വിമാനത്തിലെ യാത്രക്കാർക്കായി അവസാന നിമിഷം വരെ പോരാടിയ യഥാർത്ഥ ഹീറോയാണ് അദ്ദേഹം.”- എന്നാണ് താലിയ യോസഫിൻ്റെ വാക്കുകൾ.

“ആ പൈലറ്റ് ഒരു യഥാർത്ഥ ഹീറോയായിരുന്നു. തന്നെ നിരന്തരം കുത്തിക്കൊണ്ടിരുന്ന സഹപൈലറ്റിനോട് അദ്ദേഹം ചോര വാർന്നു കൊണ്ട് പോരാടുകയായിരുന്നു. ആ അവസ്ഥയിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സഹായിക്കുന്ന രീതിയിൽ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.” ഇസ്രായേലി മാധ്യമപ്രവർത്തക നെരിയ ക്രോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിങ്ങനെ.

എന്തായാലും തന്റെ ജീവൻപോലും പണയം വെച്ച് സ്മിത് നടത്തിയ പോരാട്ടമില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു എന്ന് എല്ലാവരും വികാരാധീനരായി കുറിക്കുന്നുണ്ട്.

അതേസമയം, ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ അസാധാരണ ധീരതയെ പ്രശംസിച്ച് ലോകനേതാക്കളും രംഗത്തെത്തി. “ക്യാപ്റ്റൻ സ്മിത് മച്ഛാർ ഒരു യഥാർത്ഥ ഹീറോയാണ്. അദ്ദേഹത്തിന്റെ ധീരത വലിയൊരു ദുരന്തം ഒഴിവാക്കി. ഈ ഇന്ത്യൻ ക്യാപ്റ്റനെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു.” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാകട്ട “ഒരു ഭീകരവാദിയുടെ ആക്രമണത്തിന് ഇരയായിട്ടും, ചോരയൊലിക്കുന്ന അവസ്ഥയിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനും വാതിൽ തുറക്കാനും അദ്ദേഹം കാണിച്ച ബുദ്ധി അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം ഒരു ഹീറോ തന്നെയാണ്” എന്നായിരുന്നു പറഞ്ഞത്.

“ഇന്ത്യൻ ക്യാപ്റ്റൻ കാണിച്ചത് സമാനതകളില്ലാത്ത ധീരതയാണ്. വലിയൊരു ദുരന്തത്തിൽ നിന്നാണ് അദ്ദേഹം യാത്രക്കാരെ രക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ക്യാപ്റ്റൻ്റെ ധീരതയെ പ്രശംസിച്ചു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ഛാർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൈലറ്റിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. സ്പൈസ് ജെറ്റിൽ ദീർഘകാലം ജോലി ചെയ്ത ശേഷം 2022-ലാണ് സ്മിത് ഫ്ലൈദുബായിൽ ചേർന്നത്. ബോയിംഗ് വിമാനങ്ങൾ പറത്തുന്നതിൽ 9,750 മണിക്കൂറിലധികം മികച്ച പ്രവൃത്തിപരിചയം അദ്ദേഹത്തിനുണ്ട്.

Indian pilot Smit Machchhar receives an outpouring of tributes from across the globe.

More Stories from this section

family-dental
witywide